ആറ് വയസുള്ളപ്പോൾ പിതാവ് കൂട്ടുകാരനായ 29 കാരന് തന്നെ വിവാഹം കഴിച്ചു നൽകിയെന്ന കേസിൽ പിതാവിനെതിരെ കോടതിയെ സമീപിച്ച് 24 കാരി . തുർക്കിയിലാണ് സംഭവം . 29 കാരനായ കാദിർ ഇസ്ടെക്ലിയ്‌ക്കാണ് പിതാവ് യൂസഫ് സിയ ഗുമുസെൽ ആറ് വയസുകാരിയായ മകളെ വിവാഹം കഴിച്ചു നൽകിയത് .
ഗുമുസൽ ഇസ്‌മൈലാഗ ബ്രദർഹുഡിന്റെ പ്രമുഖ നേതാവാണ് . പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായും അദ്ദേഹത്തിന്റെ ഭരണകക്ഷിയായ എകെപി പാർട്ടിയുമായും ഗുമുസലിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പ്രോസിക്യൂട്ടർമാർ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ഇസ്‌ടെക്ലിക്കും 27 വർഷത്തെ തടവും 40 വർഷത്തെ അധിക തടവും നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .
ലൈംഗികാതിക്രമത്തിന് ഇസ്ടെക്ലിക്കിനെ അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിട്ടുണ്ട് . തമാശയാണെന്ന് പറഞ്ഞാണ് പിതാവ് തന്നെ ഒരുക്കി വിവാഹത്തിന് എത്തിച്ചതെന്നും പെൺകുട്ടി പറയുന്നു .
മാത്രമല്ല, ഭർത്താവിനോട് അനുസരണക്കേട് കാണിച്ചാൽ മുഹമ്മദ് നബി ക്ഷമിക്കില്ലെന്നും പിതാവ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി, പെൺകുട്ടി ആദ്യം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിതാവ് കണ്ടെത്തി, മർദിക്കുകയും, ഭർത്താവിന്റെ അടുത്തേയ്‌ക്ക് തിരിച്ചയക്കുകയും ചെയ്തു. എങ്കിലും, 2020 നവംബറിൽ, പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നിന്ന് രക്ഷപെട്ട് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ് നൽകുകയായിരുന്നു.കേസിലെ ശിക്ഷാവിധി മെയ് 22-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുകയാണ് .
Comments