മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസുതുറന്ന് അമിതാഭ് ബച്ചൻ. സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലുടെയാണ് അദ്ദേഹം മദ്യപാനവും പുകവലിയും നിർത്തിയതിനെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൊജക്ട് കെ യുടെ ചിത്രീകരണ വേളയിൽ പരിക്കേറ്റ അദ്ദേഹം സുഖം പ്രാപിക്കുന്നതിനിടയിലാണ് ദൂശീലങ്ങളിൽ നിന്നും മോചിതനായ കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
താൻ കൊൽക്കത്തയിൽ ജോലി ചെയ്യുന്ന സമയത്ത് മദ്യപാനിയായിരുന്നുവെന്ന് അമിതാഭ് ബച്ചൻ കുറിച്ചു. മദ്യപാനം ശീലമാക്കുന്നതിനെ താൻ ഒരിക്കലും നിഷേധിക്കില്ല, പക്ഷെ മദ്യപാനം നിർത്തിയതിനാലാണ് ഇത്രയും വർഷം താൻ അതിജീവിച്ചതെന്ന് ബച്ചൻ വെളിപ്പെടുത്തി. അതുകൊണ്ട് ആരെയും ഇതിനായി നിർബന്ധിക്കില്ലെന്നും അതെല്ലാം വ്യക്തിപരമായ താത്പര്യത്തിനും പെരുമാറ്റത്തിനും അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
സിഗരറ്റ് ഒഴിവാക്കിയതിലൂടെ ജീവിതത്തിൽ വന്ന നല്ല മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സിഗരറ്റ് ഉപേക്ഷിക്കാനുള്ള എളുപ്പവഴിയും നിർദ്ദേശിച്ചു. ഈ ദുശീലങ്ങൾ ഉപേക്ഷിച്ചതോടെ കാൻസറിനെ ചെറുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് അമിതാഭ് ബച്ചന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വാരിയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്ക് ശേഷം മുംബൈയിലെ വീട്ടിൽ അദ്ദേഹം വിശ്രമത്തിലാണ്.
Comments