ഒരുകാലത്ത് ബോളിവുഡിനെ ഇളക്കിമറിച്ച നടിമാരിലൊരാളായിരുന്നു പ്രീതി സിന്റ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ആരാധകരുമായി അവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഗുവാഹട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ദർശനം നടത്തിയതിന്റെ വിശേഷങ്ങളാണ് പ്രീതി സിന്റ ഏറ്റവും പുതിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്നും പരിസരങ്ങളിൽ നിന്നും ചിത്രീകരിച്ച വീഡിയോയാണ് പോസ്റ്റിലുള്ളത്. ക്ഷേത്രക്കുളവും മണികളും ശിൽപങ്ങളുമെല്ലാം എല്ലാം വീഡിയോയിൽ കാണാം. കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃക പ്രീതിയ്‌ക്ക് ഒരു സന്യാസി സമ്മാനിക്കുന്നതും വീഡിയോയിൽ കാണാം.
ഗുവാഹട്ടിയിലേക്ക് പോകാനുള്ള പ്രധാന കാരണം പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിക്കുക എന്നതായിരുന്നുവെന്ന് താരം പറഞ്ഞു. വിമാനം മണിക്കൂറുകളോളം വൈകിയിട്ടും രാത്രി മുഴുവൻ ഉണർന്നിരുന്നു. അത് ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള കാത്തിരിപ്പുകൊണ്ടായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താൻ മറന്നുപോയെന്നും ഗുവാഹട്ടിയിൽ വരുന്നവർ കാമാഖ്യ സന്ദർശിക്കാതെ മടങ്ങരുതെന്നും പ്രീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
https://www.instagram.com/reel/CqwheUzuiuy/?utm_source=ig_web_copy_link
ഭാരതത്തിലെ അതിപ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യദേവി ക്ഷേത്രം. അസമിൽ ഗുവാഹട്ടിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽകുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. അസം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. ഭാരതത്തിലെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ആദിശക്തിയുടെ പ്രതാപരുദ്രമായ കാളി സങ്കല്പമാണ് ‘കാമാഖ്യാദേവി’. ദക്ഷയാഗത്തിന്റെ സമയത്ത് ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച സതിദേവി യാഗാഗ്നിയിൽ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് സതിദേവിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് സതിദേവിയുടെ ജഡത്തെ പലതായി മുറിച്ച് ഓരോ ഭാഗത്തേക്കു വലിച്ചെറിഞ്ഞു. ആ ശരീരഭാഗങ്ങൾ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതിൽ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.
ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്. ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തിൽ പൂജകൾ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകൾ തുറക്കുകയും കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന വസ്ത്രക്കഷണം പ്രസാദമായി നൽകുകയും ചെയ്യുന്നു. ഗുവാഹട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽ നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
















Comments