എറണാകുളം: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുഃനപരിശോധന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ലെന്നാണ് ഹർജിയിലെ വാദം. നെന്മാറ എംഎൽഎ കെ. ബാബുവാണ് ഹർജിക്കാരൻ. ഡിവിഷൻ ബെഞ്ച് ബുധനാഴ്ച 1.45-നാണ് ഹർജി പരിഗണിക്കുന്നത്.
ഇടുക്കിയിലുള്ള കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രീയമെന്നാണ് ഹർജിയിലെ വാദം. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിന് ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.
Comments