ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുക. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ജയ്പൂരിനും ഡൽഹി കന്റോൺമെന്റിനും ഇടയിലാണ് സർവീസ് നടത്തുക. ഏപ്രിൽ 13 മുതലാണ് എക്‌സ്പ്രസ് ക്രമീകൃത സർവീസ് ആരംഭിക്കുക. അജ്മീറിനും ഡൽഹി കന്റോൺമെന്റിനും ഇടയിലുള്ള ജയ്പൂർ, അൽവാർ, ഗുഡ്ഡാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
വന്ദേ ഭാരത് എക്‌സ്പ്രസിനായി തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം അജ്മീറിനും ഡൽഹി കന്റോൺമെന്റിനും ഇടിയിലുള്ള ദൂരം അഞ്ച് മണിക്കൂർ പതിനഞ്ച് മിനിറ്റ് കൊണ്ട് സഞ്ചരിക്കാനാവും. ഇതേ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസ് ആറ് മണിക്കൂർ പതിനഞ്ച് മിനിറ്റ് കൊണ്ടാണ് ലക്ഷ്യസ്ഥാനത്തെത്തുക. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന് സമാന റൂട്ടിലുള്ള മറ്റ് ട്രെയിനുകളേക്കാൾ 60 മിനിറ്റ് യാത്രാ സമയം കുറവായിരിക്കും.
ഹൈ-റൈസ് ഓവർഹെഡ് ഇലക്ട്രിക് ടെറിട്ടറിയിലുള്ള ആദ്യ സെമി-ഹൈ-സ്പീഡ് പാസഞ്ചർ ട്രെയിനാണ് അജ്മീർ-ഡൽഹി വന്ദേഭാരത് എക്‌സ്പ്രസ്. പുഷ്‌കർ, അജ്മീർ, ദർഗ എന്നീ പ്രധാന മേഖലകളുൾപ്പടെ രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യവും ഇതിലൂടെ മെച്ചപ്പെടും. എക്‌സ്പ്രസ് സൗകര്യം പ്രാബല്യത്തിൽ വരുന്നതോടുകൂടി സംസ്ഥാനത്തെ സാമ്പത്തിക-സാമൂഹിക മേഖലയിലെ വികസനത്തിനും സഹായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സപ്രസും സെക്കന്തരബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസും ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസ് തദ്ദേശിയമായി നിർമ്മിച്ച ട്രെയിനാണ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാ സൗകര്യം ഉറപ്പു വരുത്തുക എന്നതാണ് വന്ദേ ഭാരതിലൂടെ ലക്ഷ്യംവെയ്‌ക്കുന്നത്.
Comments