തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ പരാതിക്കാരനായ ആർഎസ് ശശികുമാർ നൽകിയ പുനഃപരിശോധന ഹർജി ലോകായുക്ത തള്ളി. വിധി പ്രസ്താവിക്കുന്നത് ഫുൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് ലോകായുക്ത തള്ളിയത്.
കേസ് ഫുൾ ബെഞ്ചന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലെന്ന് ലോകായുക്ത വ്യക്തമാക്കി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയില്ല. ലോകായുക്ത നിയമപ്രകാരമാണ് ഫുൾ ബെഞ്ചിന് വിട്ടതെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോയെന്നും ലോകായുക്ത ചോദിച്ചു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് പരിഗണിക്കും.
കേസ് പരിഗണനയിലിരിക്കുമ്പോൾ സർക്കാരിന്റെ ഇഫ്താർ വിരുന്നിന് പോയത് ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്ന് ഹർജിക്കാരൻ പറഞ്ഞിരുന്നു. ലോകായുക്തയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്ന് ലോകായുക്ത കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പേപ്പട്ടിയെ കണ്ടാൽ മാറി നടക്കുമെന്നും പരാതിക്കാൻ ആർഎസ് ശശികുമാറിനെ ലോകായുക്ത പരിഹസിച്ചു.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.
















Comments