ലക്‌നൗ: ആതിഖ് അഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്. പ്രതിയെ കൊണ്ടുപോകുന്ന പോലീസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവ് ആതിഖ് അഹമ്മദിനെ മോചിപ്പിക്കാനുള്ള ആസൂത്രണമായിരുന്നു മകൻ അസദ് നടത്തിയിരുന്നത്. രഹസ്യപദ്ധതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കുകയും തിരച്ചിലിനിടെ അസദിനെയും സഹായി ഗുലാമിനെയും കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
സിവിൽ പോലീസിന്റെയും പ്രത്യേക സേനയുടെയും സംഘങ്ങളെ വിന്യസിച്ചാണ് തിരച്ചിൽ നടത്തിയിരുന്നത്. തുടർന്ന് ഗുലാമിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അസദിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും കടന്നുകളയാനായിരുന്നു ഇരുവരുടെയും ശ്രമം. ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കും ഇടയിൽ പ്രതികളെ കീഴ്‌പ്പെടുത്താനായി പോലീസിന് വെടിയുതിർക്കേണ്ടി വന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടുവെന്നും ലോ ആൻഡ് ഓർഡർ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ വെളിപ്പെടുത്തി.
ഏറ്റുമുട്ടലിന് പിന്നാലെ പ്രതികളിൽ നിന്നും വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അസദിന്റെയും ഗുലാമിന്റെയും തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. നിയമവാഴ്ച സംരക്ഷിക്കാനുള്ള പോലീസിന്റെ സമയോചിത നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
















Comments