മുംബൈ: ബോർഡിംഗ് പാസ് പരസ്പരം കൈമാറി വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ച വിമാനയാത്രികർ പിടിയിൽ. മുംബൈ വിമാനത്താവളത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ വച്ച് ബോർഡിംഗ് പാസ് കൈമാറിയാണ് ഇവർ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. നിലവിൽ രണ്ട് പേരും കസ്റ്റഡിയിലാണ്.
ശ്രീലങ്കൻ പൗരനും ജർമൻ സ്വദേശിയുമാണ് പ്രതികൾ. രണ്ട് പേരും ഗൂഢാലോചന നടത്തിയതിന് ശേഷം വിമാനം മാറി കയറാനുള്ള പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്ലഷ് ഹോട്ടലിൽ വച്ചാണ് ഇരുവരും തട്ടിപ്പ് ആസൂത്രണം ചെയ്തത്. തുടർന്ന് ബോർഡിംഗ് പാസ് എടുത്തതിന് ശേഷം രണ്ട് പേരും എയർപോർട്ടിന്റെ ശുചിമുറിയിൽ വച്ച് കണ്ടുമുട്ടുകയും പാസ് കൈമാറുകയും ചെയ്തു.
22-കാരനായ ശ്രീലങ്കൻ പൗരന്റെ പക്കൽ നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകാനുള്ള ബോർഡിംഗ് പാസാണുണ്ടായിരുന്നത്. 36-കാരനായ ജർമൻ സ്വദേശിയാണെങ്കിൽ ലണ്ടനിലേക്ക് പോകാനായിരുന്നു എത്തിയത്. എന്നാൽ 22-കാരന് തന്റെ കരിയർ മികച്ചതാക്കുന്നതിന് വേണ്ടി യുകെയിലേക്ക് പോകണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം പങ്കുവച്ചതോടെയാണ് ബോർഡിംഗ് പാസ് കൈമാറി യാത്ര ചെയ്യാൻ ജർമ്മൻ സ്വദേശി സമ്മതമറിയിച്ചത്.
എന്നാൽ ശ്രീലങ്കൻ പൗരന്റെ യാത്രാ രേഖകൾ പരിശോധിച്ച എയർപോർട്ട് ഉദ്യോഗസ്ഥന് സംശയം തോന്നുകയും ഇയാളെ വിശദമായി പരിശോധിക്കുകയും ചെയ്തു. ഡിപ്പാർച്ചർ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറും പാസ്‌പോർട്ടിലുള്ള നമ്പറും രണ്ടാണെന്ന് കണ്ടെത്തിയതോടെ തട്ടിപ്പ് വിവരം പുറത്തുവന്നു. ചോദ്യം ചെയ്യലിൽ ശ്രീലങ്കൻ പൗരൻ കുറ്റം സമ്മതിച്ചു. കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇയാളുടെ പാസ്‌പോർട്ട് വ്യാജമാണെന്നും എയർപോർട്ട് അധികൃതർ കണ്ടെത്തി.
















Comments