കൊൽക്കത്ത: ഉഷ്ണതരംഗം ഗുരുതരമായതിനെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഏതാനും നാളുകളായി സ്‌കൂളിൽ നിന്ന് തിരിച്ചെത്തുന്ന കുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്ക് തലവേദനയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുത്തതിനാലാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്തരവ് പാലിക്കണമെന്നാണ് നിർദേശം. ഉച്ചയ്‌ക്ക് 12 മണിക്കും വൈകിട്ട് നാല് മണിക്കുമിടയിൽ വെയിലിത്തിറങ്ങുന്നത് ജനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ബംഗാളിൽ പ്രതിദിനം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഉഷ്ണതരംഗം ഏപ്രിൽ 19 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
















Comments