തിരുവനന്തപുരം: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംഘർഷത്തിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്.
സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറി കഴിഞ്ഞു. ആൽബർട്ടിന്റെ പിതാവിനെ നേരിൽ വിളിക്കുകയും വേണ്ട സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആൽബർട്ടിന്റെ കുടുംബം അവിടെ സുരക്ഷിതരെന്ന വിവരവും അദ്ദേഹത്തെ അറിയിച്ചു. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വി.മുരളീധരൻ പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റിലെ ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ. ആറു മാസമായി സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തു വരികയാണ്. രണ്ടാഴ്ച മുൻപാണ് ഭാര്യ സൈബല്ലയും ഇളയ മകൾ മാറീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെയെത്തിയത്. അഗസ്റ്റിന്റെ മകൻ ഓസ്റ്റിൻ കാനഡയിലാണ്.
















Comments