തിരുവനന്തപുരം: വിവാദങ്ങൾക്ക് പത്രക്കുറിലൂടെ വിശദീകരണം നൽകി ലോകായുക്തയുടെ അസാധാരണ നടപടി. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്ന വിവാദത്തിലും മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്ത സംഭവവും ന്യായീകരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ലോകായുക്ത വാർത്താക്കുറിപ്പ് പുറത്തിറക്കുന്നത്.
പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്നതായുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു. കോടതിയിൽ കേസ് നടക്കുമ്പോൾ തന്നെ പരാതിക്കാരനും കൂട്ടാളികളും സാമൂഹ്യമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്ത്. എങ്കിലും അതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണെന്നും പറഞ്ഞു. വിവേകപൂർവ്വമായ പ്രതികരണത്തിനു ഒരു ഉദാഹരണവും പറഞ്ഞു. വഴിയിൽ പേപ്പട്ടി നിൽക്കുന്നതു കണ്ടാൽ അതിന്റെ വായിൽ കോലിടാൻ നില്ക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണു വിവേകമെന്നു ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ആശയം വിശദമാക്കാൻ ഒരു ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ ‘പേപ്പട്ടി എന്നു വിളിച്ചു’ എന്നുപറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്‌നത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. ലോകായുക്ത പരാതിക്കാരനെ ‘പേപ്പട്ടി’യെന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചതാണെന്നും കുറിപ്പിൽ വിമർശിച്ചു.
ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയൻ നടത്തിയ സ്വകാര്യ ഇഫ്താർ വിരുന്നിലല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്‌ക്കും ഒപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ, പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ എന്നീ മുൻ ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ വേറെ ജഡ്ജിമാർ ആരും പങ്കെടുത്തില്ല എന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണ്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയെന്ന പ്രസ്താവനയും പച്ചക്കള്ളമാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
Comments