തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിനെ സ്വാഗതം ചെയ്ത് മന്ത്രി വി.ശിവൻകുട്ടി. വന്ദേഭാരത് ട്രെയിൻ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നൽകിയിട്ടുള്ള ട്രെയിൻ ആണെന്നും വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ പോസ്റ്റിൽ സിൽവർലൈനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. സിൽവർലൈനേയും വന്ദേഭാരതിനെയും താരതമ്യം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. ‘സിൽവർ ലൈൻ ഒരു ബദലാണ് മുന്നോട്ട് വയ്‌ക്കുന്നത്. അതൊരു സെമി സ്പീഡ് റെയിൽവേ ലൈൻ ആണ്. തിരുവനന്തപുരത്തുനിന്ന് കാസർകോടും തിരിച്ചും ട്രെയിനുകൾ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തിൽ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ…’ മന്ത്രി പറയുന്നു. ‘പ്രതിദിനം നൂറിലേറെ സർവീസ് നടത്തുന്ന സിൽവർ ലൈനിനെ പ്രതിദിനം വിരലിൽ എണ്ണാവുന്ന സർവീസ് നടത്തുന്ന വന്ദേഭാരതിന് സാധിക്കില്ല.
സിൽവർ ഒരു ട്രെയിനോ ഒന്നിലധികം ട്രെയിനുകളുടെ ഗതാഗതമോ മാത്രമല്ല വിഭാവനം ചെയ്യുന്നത്. അത് അതിവേഗ ട്രെയിൻ യാത്രയെ മൊത്തം അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ്. ജനങ്ങളുടെ ഭാവിയ്‌ക്ക് വേണ്ടി, കേരള വികസനത്തിന് വേണ്ടി, വികസിത രാജ്യങ്ങളിലെ ഗതാഗതത്തോട് കിട പിടിക്കാൻ സിൽവർ ലെയിൻ പോലുള്ള പദ്ധതികൾ അനിവാര്യമാണ്’- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Comments