പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ഹോക്കി താരം പി ആർ ശ്രീജേഷ്. അമ്മയ്ക്കും മകൾക്കുമൊപ്പമാണ് താരം ദർശനം നടത്താൻ എത്തിയത്. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ശ്രീജേഷ് ശബരിമല ദർശനം നടത്തുന്നത്. ശബരിമലയിൽ ദർശനംനടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ശ്രീജേഷ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്ക് വെച്ചിരുന്നു. ‘സ്വാമിശരണം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഹോക്കി കളിക്കാരനായ ശ്രീജേഷ് നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ്. 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചിരുന്നു. രാജ്യത്തിനുവേണ്ടി നാല് ലോകകപ്പിൽ പങ്കെടുത്ത മികച്ച് കായികതാരമാണ് ശ്രീജേഷ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള മെഡലുകൾ സ്വന്തമാക്കിയ താരത്തിന്റെ അടുത്ത ലക്ഷ്യം ലോകകപ്പ് മെഡലാണ്.
വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. നിരവധി താരങ്ങളാണ് ശബരിമല ദർശനത്തിനായി കഴിഞ്ഞ ആഴ്ചയിൽ എത്തിയത്. കഴിഞ്ഞ ദിവസം, ജയറാമിനൊപ്പം പാർവ്വതിയും ദർശനത്തിനായി എത്തിയിരുന്നു.
Comments