കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ഹർഷിന. ആരോഗ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. സംഭവത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർഷിന ആവശ്യപ്പെട്ടു.
തന്റെ വയറ്റിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ വിവരം 2022 സെപ്റ്റംബർ 17-നാണ് ഹർഷിന അറിയുന്നത്. നാളുകളായി അനുഭവിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ഇതായിരുന്നുവെന്നും യുവതി തിരിച്ചറിഞ്ഞു. അതിനുശേഷം നിരവധി തവണ പരാതി സമർപ്പിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തി. ഏഴു ദിവസത്തോളം നീണ്ട സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. തുടർന്ന് സമരം അവസാനിപ്പിച്ചു. നീതി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം നിർത്തിയത്.
എന്നാൽ മന്ത്രിയുടെ ഉറപ്പിൽ തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സമരം പുനരാരംഭിക്കുകയാണ് ഹർഷിന. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഹർഷിന ആവശ്യപ്പെടുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹർഷിനയുടെ ആവശ്യം. അല്ലാത്തപക്ഷം മെയ് 22 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.
2017 നവംബർ 30-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷിന പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയമായത്. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്നാണ് ഹർഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കൽ കോളജിൽ നിന്ന് തന്നെയാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിനു നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും അതും എങ്ങുമെത്തിയില്ല. ഇതോടെയാണ് യുവതി സമരം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
















Comments