ന്യൂഡൽഹി: 2002ൽ മാറാട് നടന്ന സംഘർഷത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. മാറാട് തെക്കേത്തൊടി ഷാജി, ഈച്ചിരന്റെ പുരയിൽ ശശി എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
കേരളത്തിൽ എറണാകുളം ജില്ലയിലേക്ക് പോകാൻ അനുമതി നൽകിയ കോടതി എല്ലാ തിങ്കളാഴ്ചയും എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2020ൽ ഇരുവർക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പത്തുവർഷത്തിലധികം ശിക്ഷ അനുഭവിച്ചത് കണക്കിലെടുത്താ യിരുന്നു ഇത്. ഇരുവരും കർണാടകത്തിലെ മംഗലാപുരത്തേക്ക് താമസം മാറണമെന്നും എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയിൽ ഇളവ് തേടിയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയും അഡ്വ. കെ.കെ. സുധീഷും ഹാജരായി.
ഇരുവരും കേരളത്തിലേക്ക് വരുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. അഥവാ അനുവദിക്കുകയാണെങ്കിൽ തിരുവനന്തപുരം ജില്ലയിൽ താമസിക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ ആവശ്യം. 2003 ലെ മാറാട് കൂട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ടവർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കേരളത്തിൽ പ്രവേശിക്കുന്നതിനെ സംസ്ഥാനം എതിർ ത്തിരുന്നില്ല.
















Comments