മലയാളത്തിലും തെലുങ്കിലും അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‌ലറിൽ നിന്ന് തന്നെ മനസ്സിലാക്കാം ചിത്രം ആരാധകർക്ക് മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കുമെന്ന്.
എന്നാൽ ഇപ്പോൾ കൺഫ്യൂഷനായി ഇരിക്കുന്നത് മലയാളികളാണ്. കാരണം, കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിൽ മമ്മൂട്ടിയ്‌ക്ക് രണ്ട് ശബ്ദമാണ്. എന്നാൽ ട്രെയിലറിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ഏറെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. എന്നാൽ സംഭാഷണങ്ങളിൽ ചിലതിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുടെ ശബ്ദം ഡബ്ബ് ചെയ്തിരിക്കുന്നത് കുറച്ച് ഭാഗത്ത് മാത്രമാണ്. എന്നാൽ മറ്റ് ചില സീനുകളൽ മമ്മൂട്ടിയ്‌ക്ക് മറ്റാരുടേയോ ശബ്ദമാണ്.
തെലുങ്കിലെ കഴിഞ്ഞ ചിത്രമായ യാത്രയിലുൾപ്പെടെയുള്ള ചിത്രങ്ങളിൽ മമ്മൂട്ടി സ്വയമാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിൽ ശബ്ദമാറ്റം ചർച്ചയായിരിക്കുന്നത്. മമ്മൂട്ടി ഡബിൾ റോളിൽ ആയിരിക്കുമെന്നുൾപ്പടെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടി ആരാധകർക്ക് നിരാശരാകേണ്ടിവരില്ലെന്നും മുഴുവൻ സംഭാഷണങ്ങളും മമ്മൂട്ടിയുടെ ശബ്ദ ഗാംഭീര്യത്തിൽ തന്നെ കേൾക്കാനാവുംസ എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ഏജൻറ് സിനിമയുടെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ട്രെയ്‌ലർ ലോഞ്ച് തീയതി നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ ട്രെയ്‌ലർ പെട്ടെന്ന് ഇറക്കാൻ വേണ്ടി മറ്റൊരാളെക്കൊണ്ട് താൽക്കാലികമായി ഡബ്ബ് ചെയ്തിരിക്കുന്നതാണ്. ഇപ്പോഴത്തെ തിരക്കുകൾക്ക് ശേഷം ചിത്രത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കും. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്.
















Comments