തിരുവനന്തപുരം: കിണറ്റിൽ വീണ കരടി ചത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം വെള്ളനാട്ട് സ്വദേശിയുടെ കിണറ്റിൽ കരടി വീണത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്‌ക്കാനായില്ല. തുടർന്ന് കരടിയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനായി മയക്കുവെടി വെച്ചിരുന്നു. മയക്കുവെടി ഏറ്റതിന് പിന്നാലെ കിണറ്റിലെ വെള്ളത്തിലേയ്‌ക്ക് കരടി മുങ്ങിത്താഴുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചുനിൽക്കുകയായിരുന്നു കരടി.
വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറിനുള്ളിലാണ് കരടി വീണത്. കോഴികളെ പിടിക്കാൻ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. കിണറിന് ഇരുപതടിയോളം താഴ്ചയുണ്ട്. കരടിയെ പുറത്തെടുക്കുന്നതിൽ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു. എന്നാൽ വലയുടെ ഒരു വശം മുറുക്കം കുറഞ്ഞതിനാലാണ് കരടി വെള്ളത്തിൽ മുങ്ങിപ്പോയത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
മയക്കുവെടി കൊണ്ട് 15 മിനിട്ട് സമയം എടുത്താണ് കരടി പൂർണ്ണമായും മയങ്ങിയത്. എന്നാൽ വയക്കുവെടി ഏറ്റ് അധിക സമയത്തിനുള്ളിൽ കരടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ റാപ്പിഡ് റെസ്പോൺസ് ടീം കിണറ്റിലിറങ്ങി കരടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഭലമായതിനെ തുടർന്ന് ഇവർ തിരിച്ചു കയറുകയായിരുന്നു. ഒരുമണിക്കൂറിലധികം സമയമാണ് കരടി വെള്ളത്തിൽ മുങ്ങിക്കിടന്നത്. തുടർന്ന് കിണറിലെ വെള്ളം വറ്റിച്ചാണ് കരടിയെ കരയ്‌ക്ക് എത്തിച്ചത്.
ഇന്നലെ രാത്രി കരടി കിണറിൽ വീണ് കിടക്കുന്നത് കണ്ടയുടനെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. തൊട്ടടുത്തുളള കാട്ടിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയൽവീട്ടിലുള്ള രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. ബഹളം കേട്ടാണ് നാട്ടുകാർ കാര്യം ശ്രദ്ധിക്കുന്നത്. ആളുകൾ ബഹളം വച്ചതോടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.
Comments