ന്യൂഡൽഹി: ഔദ്യോഗിക അനുമതിയെ തുടർന്ന് 2 മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിന് ശേഷം പന്ത്രണ്ട് ചീറ്റകളെ മദ്ധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിലേക്ക് വിജയകരമായി വിട്ടയച്ചതായി പ്രോജക്ട് ചീറ്റ ചീഫ് എസ് പി യാദവ്. 2023 ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്.
ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളും അടങ്ങുന്ന കൂട്ടത്തെ ഫെബ്രുവരി 18-നാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് ദിവസം മുൻപാണ് മദ്ധ്യപ്രദേശ് വനംവകുപ്പിന് ഡിഎഎച്ച്ഡിയിൽ നിന്നും അനുമതി ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ വനം വകുപ്പ് പൂർത്തിയാക്കുകയായിരുന്നു.
വംശനാശം സംഭവിച്ച് 7 പതിറ്റാണ്ടുകൾക്ക് ശേഷം ഈ മൃഗങ്ങളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്. 2022 സെപ്റ്റംബർ 17-ന് നമീബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോയിലേക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വിട്ടയച്ചിരുന്നു. എല്ലാ ചീറ്റകളിലും റേഡിയോ കോളറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപഗ്രഹം വഴി നിരീക്ഷണമുണ്ട്. ഇതുകൂടാതെ, ഒരു മോണിറ്ററിംഗ് ടീം മുഴുവൻ സമയവും ലൊക്കേഷൻ നിരീക്ഷിക്കുന്നുമുണ്ട്.
1947-48ൽ കൊറിയൻ മഹാരാജാവ് ഛത്തീസ്ഗഡിൽ അവസാനത്തെ മൂന്ന് ചീറ്റകളെ വേട്ടയാടുകയും ചെയ്തു. 1952-ൽ ഇന്ത്യാ ഗവൺമെന്റ് ചീറ്റകളെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 1972-ൽ ആരംഭിച്ച ഏറ്റവും വിജയകരമായ വന്യജീവി സംരക്ഷണ പദ്ധതികളിലൊന്നായ ‘പ്രോജക്റ്റ് ടൈഗർ’ കടുവകളുടെ സംരക്ഷണത്തിന് മാത്രമല്ല, മുഴുവൻ ആവാസവ്യവസ്ഥയ്‌ക്കും സംഭാവന നൽകി. 75 വർഷത്തിന് ശേഷം മോദി സർക്കാർ ചീറ്റകളെ പുനഃസ്ഥാപിക്കുകയും ചെയ്തു.
















Comments