ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾക്ക് പുനർനാമകരണം ചെയ്ത് മോദിസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്നാണ് പേരുമാറ്റിയത്. നമീബിയൻ ആൺ ചീറ്റയുടെ പഴയ പേര് ഓബൻ എന്നാണ്, ഇപ്പോൾ പുതിയ പേര് പവൻ എന്നാണ്. ഫിൻഡ എന്ന് പേരുള്ള ചീറ്റയുടെ പുതിയ പേര് ദക്ഷ എന്നും മപേസു എന്നുപേരുള്ള മറ്റൊരു ചീറ്റയുടെ പുതിയ പേര് നിർവ എന്നുമാക്കി. അവശേഷിക്കുന്ന മറ്റു ചീറ്റകളുടെ പേരുകളും പിന്നാലെ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
2022 സെപ്തംബർ 25-ന് പ്രധാനമന്ത്രി തന്റെ മൻ കി ബാത്തിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ പുനരധിവസിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയ്‌ക്കായി നിർദ്ദേശങ്ങൾ കൊണ്ടുവരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 31 വരെ കേന്ദ്രസർക്കാർ പ്ലാറ്റ്‌ഫോമായ mygov.in ൽ ചീറ്റകൾക്ക് പുതിയ പേരു കണ്ടെത്താനായി ഒരു മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ 11,565 എൻട്രികൾ ലഭിച്ചു.
എൻട്രികൾ ഒരു സെലക്ഷൻ കമ്മിറ്റി പരിശോധിച്ചു. ചീറ്റകളുടെ സംരക്ഷണത്തിനും സാംസ്‌കാരിക മൂല്യത്തിനും വേണ്ടി നിർദ്ദേശിച്ച പേരുകളുടെ പ്രാധാന്യവും പ്രസക്തിയും അടിസ്ഥാനമാക്കി നമീബിയൻ, ദക്ഷിണാഫ്രിക്കൻ ചീറ്റകൾക്കായി പുതിയ പേരുകൾ കമ്മിറ്റി തിരഞ്ഞെടുത്തു. ചീറ്റകൾക്ക് പുതിയ പേരുകൾ നിർദ്ദേശിച്ച മത്സരത്തിലെ വിജയികളെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് അഭിനന്ദിച്ചു.
















Comments