പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടിയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എല്ലായ്‌പ്പോഴും വൈറലാണ്. പ്രിയങ്ക ഇപ്പോൾ സിറ്റാഡൽ എന്ന വെബ് സീരിസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. പ്രൊമോഷന്റെ ഭാഗമായിട്ട് മുംബൈയിലെത്തിയ പ്രിയങ്ക മകൾ മാൾട്ടിയേയും ഒപ്പം കൂടെക്കൂട്ടിയിരുന്നു. മകൾ മാൾട്ടിയുടെ ആദ്യ ഇന്ത്യ സന്ദർശനം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ മകളുടെ ഇന്ത്യ യാത്രയേക്കുറിച്ച് തുറന്നു പറയുകയാണ് താരം.
‘ഇന്ത്യയിൽ മാൾട്ടി ആദ്യമായിട്ടായിരുന്നു അന്നെത്തിയത്. അവൾക്ക് അത് ഒരുപാട് ഇഷ്ടമായി. കാഴ്‌ച്ചകൾ, ശബ്ദങ്ങൾ, ഭക്ഷണം അങ്ങനെയെല്ലാം അവൾക്കിഷ്ടമായി. അവളുടെ മുത്തശിയുടേ വീട്ടിലേക്ക് പോയതും എന്റെ അമ്മയുടെ വീട് എല്ലാം അവൾക്കിഷ്ടമായി. ഒരു ചെറിയ സഞ്ചാരിയാണ് അവൾ. എന്റെ മാതാപിതാക്കൾ എന്നെയും അങ്ങനെയാണ് വളർത്തിയത്. എന്റെ ഭർത്താവും അങ്ങനെയാണ്. എന്റെ അച്ഛനും അമ്മയും മിലിട്ടറിയിലായിരുന്നു. അതിനാൽ എനിക്ക് 4-5 മാസം പ്രായമുള്ളപ്പോൾ ഞാൻ വളരെ ചെറുപ്പത്തിൽ യാത്ര ചെയ്യാൻ തുടങ്ങി. അവൾക്കും അത് അങ്ങനെ തന്നെ. അവൾ ഇപ്പോൾ സ്‌കൂളിൽ അല്ല, അതിനാൽ നമുക്ക് അവളെ കൊണ്ടുപോകാം. ഞങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക്, അവളോടൊപ്പം കൂടുതൽ സമയം ഞങ്ങൾ ചെലവഴിക്കുന്നു. അത് ഒരുപാട് ഇഷ്ടപ്പെടുന്നു.’- പ്രിയങ്ക പറഞ്ഞു.
ചലച്ചിത്രലോകത്ത് ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഹോളിവുഡിലുമെല്ലാം മികച്ച കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. അതേസമയം പ്രിയങ്ക ചോപ്ര നായികയായി എത്തുന്ന വെബ് സീരീസാണ് സിറ്റാഡൽ. റിച്ചാർഡ് മാഡനാണ് സീരിസിൽ നായകനായി എത്തുന്നത്. ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രം സ്‌പൈ സീരീസായാണ് ഒരുക്കുന്നത്. ആക്ഷൻ ത്രില്ലറായി എത്തുന്ന സീരിസിൽ പ്രിയങ്ക ചോപ്ര നാദിയ സിൻ എന്ന കഥാപാത്രമായാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം സീരീസിന്റെ പ്രീമിയർ കാണാൻ തെന്നിന്ത്യൻ സുന്ദരി സമാന്ത ലണ്ടനിൽ എത്തിയിരുന്നു. സിറ്റാഡൽ ലണ്ടൻ പ്രീമിയറിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സമാന്തയ്‌ക്കൊപ്പം ബോളിവുഡ് നടൻ വരുൺ ധവാനുമുണ്ടായിരുന്നു. സിറ്റാഡലിന്റെ ഇന്ത്യൻ സ്പിൻഓഫിൽ ഇരുവരുമാണ് അഭിനയിക്കുന്നത്. സംവിധായകരായ രാജും ഡികെയും ഇവർക്കൊപ്പമുണ്ടായിരുന്നു. സിറ്റാഡൽ ടീമിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Comments