മലയാളികളുടെ മനസ്സിൽ ചേക്കേറിയ മഹാനടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ വിയോഗം ഏറെ വേദനയോടെയാണ് അറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഉമ്മയെക്കുറിച്ച് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജീവിതത്തിലെ എക്കാലത്തെയും ബെസ്റ്റ്ഫ്രണ്ടാണ് ഉമ്മയെന്നും എല്ലാവരുടെയും ആദ്യത്തെ സുഹൃത്തും ഉമ്മയായിരിക്കുമെന്നായിരുന്നു മമ്മൂട്ടി മാതൃദിനത്തിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
2009-ൽ വനിതയ്‌ക്ക് നൽകിയ ഒരു അഭിമുഖവും സമൂഹമാദ്ധ്യമത്തിൽ വളരെയധികം പ്രചരിക്കുന്നുണ്ട്. താൻ അഭിനയിക്കുന്ന സിനിമയിലെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ പോലും ഉമ്മയുടെ കണ്ണ് നിറയുമായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.
മമ്മൂട്ടിയുടെ വാക്കുകളുടെ പൂർണ്ണരൂപം…
എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയിൽ ഏതാണ് ഇഷ്ടം. എന്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ ഉമ്മയ്‌ക്ക് അറിയല്ല.
ഉമ്മ ഇപ്പേൾ കുറേ ദിവസമായി എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്‌ക്ക് തോന്നും ഇളയ മകന്റെ അടുത്തേയ്‌ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്ന് നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓർമിപ്പിക്കുകയാണ് ഉമ്മ. ‘ഉമ്മയ്‌ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതൽ സ്‌നേഹം’ എന്ന് പറഞ്ഞ് ഞാനിടയ്‌ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും.
















Comments