ഡെറാഡൂൺ: ചാർധാം യാത്രയ്ക്കുള്ള തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതായി ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തീർത്ഥാടകർക്കായുള്ള ഓൺലൈൻ, ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ മുൻപത്തെ പോലെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഗംഗോത്രി,യമുനോത്രി ധാമുകളുടെ പോർട്ടലുകൾ തുറന്നതോടെയാണ് ചാർധാം യാത്രയ്‌ക്കുള്ള തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ആ തീരുമാനമാണ് സർക്കാർ പിൻവലിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഋഷികേശിൽ മുഖ്യമന്ത്രി ധാമി തീർഥാടകരെ ഹാരമണിയിച്ച് യാത്രയ്‌ക്കായി സ്വാഗതം ചെയ്യുകയും തീർഥാടക ബസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.
കേദാർനാഥ് ധാം, ബദരീനാഥ് ധാം എന്നിവയുടെ പോർട്ടലുകൾ ഏപ്രിൽ 25-നും 27-നുമായാണ് തുടങ്ങുന്നത്. പ്രതിദിന തീർഥാടകരുടെ യമുനോത്രി ക്ഷേത്രത്തിലെ എണ്ണപരിധി 5,500 ആണ്. ഗംഗോത്രിയിൽ 9,000, ബദരീനാഥിൽ 15,000, കേദാർനാഥ് ക്ഷേത്രത്തിൽ 18,000 എന്നിങ്ങനെയാണ് കണക്ക്. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും തീർഥാടകർക്ക് ഭാവിയിൽ വീണ്ടും ഉത്തരാഖണ്ഡ് സന്ദർശിക്കാൻ താൽപര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















Comments