തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ
കൂടുതൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ. ഏപ്രിൽ ഏഴാം തിയ്യതിയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ട്.
വർഷങ്ങളായി മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കുഞ്ഞിന്റെ യഥാർത്ഥ അമ്മ അഞ്ജുവുമായി രണ്ടു വർഷത്തെ സൗഹൃദമുണ്ടെന്നും കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു. വീട്ടുജോലിക്കും മറ്റും പോകുന്നയാളാണ് അഞ്ജു, കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനി പറഞ്ഞു.
ഏഴാം മാസത്തിലാണ് എന്നോട് ഗർഭിണിയാണെന്ന് പറയുന്നത്. പ്രസവിച്ചാൽ കുഞ്ഞിനെ നീ എടുത്തോ എന്ന് എന്നോട് പറഞ്ഞു. എന്നാൽ പൈസ കൊടുത്തത് അവളുടെ ഭർത്താവ് വിളിച്ച് നിരന്തരം ശല്യം ചെയ്തതുകൊണ്ടാണ്. ഞാൻ ആശുപത്രിയിൽ പോയത്. വ്യാഴാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റായത്, വെള്ളിയാഴ്ച പ്രസവിച്ചു. ആശുപത്രിയുടെ വെളിയിൽ നിന്നാണ് കുഞ്ഞിനെ കൈമാറിയത്.
അഡ്വാൻസ് തുക കുഞ്ഞിന്റെ അമ്മയ്‌ക്കാണ് നൽകിയത്. 52000 രൂപയാണ് അഡ്വാൻസ് തുക. കുഞ്ഞിനെ കൈമാറിയ ശേഷം 2,48,000 രൂപയും നൽകി. കുഞ്ഞിന്റെ ശരിക്കുള്ള മാതാപിതാക്കൾ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും കരമന സ്വദേശിനി പറഞ്ഞു.
ചൈൽഡ് ലൈൻ പ്രവർത്തകരാണ് കുഞ്ഞിനെ വിറ്റ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് സിഡബ്ല്യുസി മുഖേന കുഞ്ഞിനെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കും എതിരെ കേസെടുക്കും. കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് . സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
















Comments