ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ രാഷ്‌ട്രീയ നേതാവ് ആതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും ഇസ്ലാമിക രക്തസാക്ഷികളെന്ന് ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖ്വയ്ദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ്. ഈദ് സന്ദേശമായി പുറത്തിറക്കിയ മാസികയിലാണ് ഇരുവരേയും രക്തസാക്ഷികൾ എന്ന വിശേഷിപ്പിച്ചിരിക്കുന്നത്. ആതീഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമദിന്റെയും കൊലപാതങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും ഭികരസംഘടനയുടെ സന്ദേശത്തിൽ പറയുന്നു. ഏഴ് പേജിലാണ് പെരുന്നാൾ സന്ദേശം പുറത്തിറക്കിയിരിക്കുന്നത്. ഭികരസംഘടനയുടെ മാദ്ധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്.
മുസ്ലീങ്ങളുടെ വിമോചനമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിനാൽ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി. ഉത്തർപ്രദേശിൽ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. തിഹാർ ഉൾപ്പടെയുള്ള ജയിലുകളിൽ തടവിൽ കഴിയുന്ന ഭീകരരെ മോചിപ്പിക്കുമെന്നും മാസികയിലൂടെ സംഘടന വ്യക്തമാക്കി.
‘വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിലോ ആകട്ടെ, മുസ്ലീങ്ങളെ അടിച്ചമർത്താൽ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. ടെക്‌സാസ് – തിഹാർ – അഡ്യാല വരെയുള്ള എല്ലാ ജയിലുകളിലേയും മുസ്ലിങ്ങളെ ഞങ്ങൾ മോചിപ്പിക്കും” ഈദ് സന്ദേശത്തിൽ പറയുന്നു.
ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 16 ന് പ്രയാഗ്രാജിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. കനത്ത പോലീസ് വലയത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്.
















Comments