കൊച്ചി : കേരളം സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രിയ്‌ക്ക് ഭീഷണി കത്ത് എഴുതിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം തന്നെ കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ആരോപിച്ചിരുന്നു. പോലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുൻപാണ് ബിജെപി സംസ്ഥാന കാര്യാലയത്തിൽ കിട്ടിയത്. ജോസഫ് ജോണെന്ന ആളുടെ പേരിൽ ഫോൺ നമ്പർ സഹിതമായിരുന്നു കത്ത്. തുടർന്ന് ജോണിയെ ചോദ്യം ചെയ്തെങ്കിലും കത്ത് തന്റേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്നായിരുന്നു ഭീഷണി.
ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സേവ്യറിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആരോപണം ഇയാൾ നിഷേധിച്ചതിനെ തുടർന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഈ പരിശോധനയിൽ സേവ്യർ കുടുങ്ങുകയായിരുന്നു.
















Comments