തിരുവനന്തപുരം: നിർമ്മിത ബുദ്ധിയോട് കൂടി പ്രവർത്തിക്കുന്ന ‘എഐ കാമറ’ സ്ഥാപിക്കുന്ന എഐ ട്രാഫിക് പദ്ധതിയുടെ പ്രപ്പോസൽ തുക ആദ്യം 235 കോടി രൂപയ്‌ക്കാണ് കരാർ ചെയ്തതെന്ന് കെൽട്രോൺ എം.ഡി നാരായണ മൂർത്തി. ചർച്ചകൾക്ക് പിന്നാലെ ഇത് 232 കോടിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ 151 കോടിയാണ് ഉപകരാർ നൽകിയതെന്നും അതിന്റെ ഉത്തരവാദിത്വം കെൽട്രോണിനില്ലെന്നും കെൽട്രോൺ എംഡി വ്യക്തമാക്കി.
ഒരു കാമറയുടെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. 9.5 ലക്ഷം രൂപയാണ് ഒരു കാമറയുടെ വില. കാമറയ്‌ക്ക് വേണ്ടി ചിലവാക്കിയത് 74 കോടി രൂപയാണ്. ബാക്കി സിസ്റ്റം മാനേജ്‌മെന്റിന് വേണ്ടി വരുന്ന ചിലവാണ്. സാങ്കേതിക സംവിധാനങ്ങൾ, സെർവർ റൂം, പലിശ എന്നിങ്ങനെയാണിത്. എഐ കാമറയ്‌ക്ക് വേണ്ടി സ്വീകരിച്ച നടപടികളെല്ലാം സുതാര്യമായാണ് നടന്നത്. ഉപകരാർ SRIT എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. അതിൽ കെൽട്രോണിന് ബാധ്യതയില്ല.
232 കോടി രൂപയ്‌ക്ക് 726 എഐ കാമറകൾ സ്ഥാപിച്ച പദ്ധതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു കെൽട്രോൺ എംഡി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു ഇതുസംബന്ധിച്ച ഗുരുതര ആരോപണം ഉന്നയിച്ചത്. അതേസമയം എഐ കാമറയിൽ അകപ്പെടുന്ന ഡേറ്റ ഒരിക്കൽ കൂടി കെൽട്രോൺ ടെക്‌നീഷ്യൻമാർ പരിശോധിച്ചതിന് ശേഷം മാത്രമേ മോട്ടോർ വാഹന വകുപ്പിന് കൈമാറുകയുള്ളൂവെന്നും നാരായണ മൂർത്തി അറിയിച്ചു.
Comments