ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിംഗിന്റെ അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.’നിയമം ശക്തമാണ്’ എന്നും ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരാൾക്ക് എത്രകാലം ഇങ്ങനെ ഒളിച്ചു കഴിയാൻ സാധിക്കും? നിയമം ശക്തമാണ്. ഭീകരതയും ഭീതിയും പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പഞ്ചാബിൽ ഇപ്പോൾ കുറച്ച് സമയമെടുത്തു, നേരത്തെ ചെയ്തിരുന്നെങ്കിൽ ഇതിലും മികച്ചതാകുമായിരുന്നു.’- അനുരാഗ് ഠാക്കൂർ പറഞ്ഞു. .
അതേസമയം അമൃത്പാൽ സിംഗിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് അമൃത് പാലിനെ അസമിലെത്തിച്ചത്. പ്രത്യേക വിമാനത്തിൽ പോലീസ് സേനയോടൊപ്പം മോഹൻബാരി വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരുന്നു അമൃത്പാൽ. പഞ്ചാബിലും അയൽസംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരച്ചിൽ നടത്തിയതിനൊടുവിലാണ് അമൃത്പാലിനെ പോലീസിന് പിടികൂടാനായത്. പഞ്ചാബിലെ മോഗ ജില്ലയിൽ നിന്ന് ഞായറാഴ്ച രാവിലെ 6.45-ഓടെ അമൃത്പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിവരം മുഖ്യമന്ത്രി ഭഗവന്ത് മൻ നേരിട്ട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
നേരത്തെ അറസ്റ്റിലായ അമൃത്പാലിന്റെ മറ്റ് അനുയായികളെയും തടവിലാക്കിയിരിക്കുന്നത് ദിബ്രുഗഡ് ജയിലിലാണ്. അമൃത്പാലിനൊപ്പം ഒളിവിൽ പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത പപൽപ്രീത് സിംഗും ദിബ്രുഡഗിലുണ്ട്. ഏപ്രിൽ 11-നായിരുന്നു പപൽപ്രീത് അറസ്റ്റിലായത്. പിന്നീട് പഞ്ചാബ് പോലീസും ഇന്റലിജൻസ് വിഭാഗവും നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിൽ അമൃത്പാലും വലയിലായി. അമൃത്പാലിന്റെ അറസ്റ്റ് വൈകുന്നത് പഞ്ചാബ് സർക്കാരിനും പോലീസ് സേനയ്‌ക്കും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഹൈക്കോടതിയുടെ കടുത്ത വിമർശനവും പോലീസിന് ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമാണ് അമൃത്പാലിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.
















Comments