യുവം യുത്ത് കോൺക്ലേവിന്റെ പോസ്റ്റർ പങ്കുവെച്ച് പ്രധാനമന്ത്രി. ബിജെപിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടക്കുന്ന യുവം പരിപാടിയുടെ പോസ്റ്ററാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. കൊച്ചിയിലെത്തുമെന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച് കുറിപ്പ് വലിയ ശ്രദ്ധ നേടികഴിഞ്ഞു. ഇതോടൊപ്പം 25ന് ഉദ്ഘാടനം നടത്തുന്ന മറ്റ് പരിപാടികളുടെ പോസ്റ്ററുകളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലുള്ള പോസ്റ്റുകളാണ് ട്വീറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 24 25 തീയതികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന എല്ല പരിപാടികളുടെയും വിവരങ്ങളും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളിൽ എത്തിച്ചേരാൻ താൻ ആകാംക്ഷാഭരിതനാണെന്നും കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് വിനോദസഞ്ചാരത്തിനും വാണിജ്യത്തിനും വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണപ്രവർത്തനങ്ങൾക്ക് തറക്കല്ലിടും. ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടുമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു സയൻസ് പാർക്ക് തിരുവനന്തപുരത്തിന് വലിയ മുതൽകൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പുരോഗതി നല്കുന്ന കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലെ യുവജനങ്ങൾ അവരുടെ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്‌ക്കും പേരുകേട്ടവരാണ്. നാളെ, ഏപ്രിൽ 24ന് വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ കേരളത്തിലെ യുവജനങ്ങളുമായി ഞാൻ സംവദിക്കും.’
‘ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഈ ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും.’
‘കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ മികച്ച പുരോഗതി! കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും. ഇത് കൊച്ചിക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും.’
















Comments