വന്ദേഭാരത് അനുവദിച്ച മോദി സർക്കാരിനെ ഒരു മടിയും കൂടാതെ പ്രശംസിച്ച നടനാണ് ഹരീഷ് പേരടി. തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും നടൻ പറഞ്ഞിരുന്നു. ഇതോടെ, കേരളത്തിലെ ഇടത്-വലത് സൈബർ ഗ്രൂപ്പുകൾ ഹരീഷ് പേരടിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ആക്രമണവുമായി എത്തി. എന്നാൽ, തന്റെ നിലപാടുകളിൽ ഉറച്ചു തന്നെയെന്ന് പറയുകയാണ് താരം. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് വന്ദേഭാരതിനെ വീണ്ടും വനോളം പ്രശംസിക്കുകയാണ് ഹരീഷ് പേരടി.
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല. കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാനിരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ, ഒരുപാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ. എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം. ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം. 25-ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു. എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും- എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്.
എനിക്ക് 53 വയസ്സു കഴിഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്. പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ രാഷ്ട്രിയത്തെ മാറ്റി വച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ- എന്നായിരുന്നു വന്ദേഭാരത് കേരളത്തിലെത്തിയപ്പോൾ ഹരീഷ് പറഞ്ഞത്.
Comments