ഇത്തവണ മാറ്റങ്ങളുടെ പൂരത്തിനാണ് ശക്തന്റെ മണ്ണ് സാക്ഷ്യം വഹിക്കുക. ഇലഞ്ഞിത്തറ മേളത്തിലും പഞ്ചവാദ്യത്തിലും ആനയെഴുന്നള്ളിപ്പിലും വെടിക്കെട്ടിലുമെല്ലാം ഇത്രമാത്രം മാറ്റം പ്രകടമായ പൂരം സമീപകാല ചരിത്രത്തിലില്ല. അടിമുടി മാറിയ പൂരമാകും ഇത്തവണ.
പാറമേക്കാവും തിരുവനമ്പാടിയും മേള, വാദ്യനിരയിൽ അടിമുടി അഴിച്ചുപണി നടത്തുന്ന പൂരമാണിത്. കഴിഞ്ഞ 24 വർഷം ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിച്ച പെരുവനം കുട്ടൻ മാരാർ ഇത്തവണ ഇലഞ്ഞിച്ചുവട്ടിലുണ്ടാകില്ല. പകരം കേരളത്തിലെ മേളപ്രമാണിമാരിൽ ഏറ്റവും മുതിർന്നയാളായ കിഴക്കൂട്ട് അനിയൻ മാരാരാണ് പാറമേക്കാവിനായി ഇലഞ്ഞിത്തറ മേളം നയിക്കുന്നത്. മേളനിരയിൽ രണ്ടാമനായി വലത്ത് പെരുവനം സതീശൻ മാരാരും ഇടത്ത് തിരുവല്ല രാധാകൃഷ്ണനും.
പഞ്ചവാദ്യത്തിലുമുണ്ട് മാറ്റം. പരയ്‌ക്കാട് തങ്കപ്പൻ മരാർക്ക് പകരം ചോറ്റാനിക്കര നന്ദപ്പൻ പാറമേക്കാവിന്റെ പ്രമാണം വഹിക്കും. മദ്ദളത്തിൽ കുനിശേരി ചന്ദ്രന് പകരം കലാമണ്ഡലം കുട്ടിനാരായണൻ എത്തും. ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയ്‌ക്ക് പകരം പരയ്‌ക്കാട് ബാബുവുമെത്തും. മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ കോങ്ങാട് മധു പ്രമാണിയായി തുടർന്നേക്കും.
അടുത്ത മാറ്റം വെടിക്കെട്ടിലാണ്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിന്റെ അരികിൽ ഷെഡ് കെട്ടുന്നതും തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും വിശ്രമവും ഇവിടെ ഒരുക്കുന്നത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന കീഴ് വഴക്കമാണ്. ഇത്തവണ മാഗസിന്റെ അരികിൽ ഷെഡ് പാടില്ലെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) കർശന നിർദേശം നൽകിയിട്ടുണ്ട്. ഇവിടെയ്‌ക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തുന്ന വിധം ശക്തമായ പോലീസ് കാവലുമുണ്ടാകും. പൂരം നടത്തിപ്പിലും മാറ്റമുണ്ട്. സർക്കാർ സഹായവും വകുപ്പുതല ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്ന പതിവിൽ നിന്ന് മാറ് പൂരം നടത്തിപ്പ് പൂരകമ്മറ്റികളുടെ ബാധ്യതയാക്കി മാറ്റിയിട്ടുണ്ട് ഇത്തവണ.
Comments