അർജന്റീനയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ വർഷം ഇതുവരെ 41000 കൊതുകുജന്യ രോഗങ്ങളാണ് അർജന്റീനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2016ലും 2020ലും നടന്ന വ്യാപനത്തേക്കാൾ വളരെ ഉയർന്ന തോതാണിതെന്ന് ഗവേഷകയായ മരിയനെല്ല ഗാർസിയ ആൽബ പറയുന്നു. ഈ വർഷം താപനില ഗണ്യമായി കൂടിയതാണ് കൊതുകുകളുടെ വൻതോതിലുള്ള പെരുകലിനു വഴിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊതുകുകളുടെ വ്യാപനം മൂലം പ്രതിസന്ധിയിലായ അർജന്റീന പരിഹാരത്തിനായി പുതിയ മാർഗം പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. വികിരണങ്ങൾ ഉപയോഗിച്ച് കൊതുകുകളെ കൈകാര്യം ചെയ്യാനുള്ള പദ്ധതി 2016- മുതൽ തന്നെ അർജന്റീനയിൽ വികസിപ്പിക്കുന്നുണ്ട്. ഇതിനായി ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വീതം വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം.
ഇത്തരത്തിൽ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കുകയും തുടർന്ന് ഇവയെ തുറന്നുവിടുകയും ചെയ്യും. ഇത്തരം കൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കാതെ വരും. ഇത് കൊതുകുകളുടെ സംഖ്യ വൻതോതിൽ കുറയ്‌ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അർജന്റീനയിൽ ഡെങ്കിപ്പനി ഈയടുത്തായി 40 പേരുടെ ജീവൻ കവർന്നിരുന്നു.
















Comments