സുഡാൻ: സുഡാനിൽ കുടുങ്ങിയ ഭാരതീയരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ‘കാവേരി ‘ ആരംഭിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു. ഏകദേശം 500 ഓളം ഇന്ത്യക്കാർ സുഡാൻ പോർട്ടിലെത്തിയതായി എസ്.ജയശങ്കർ അറിയിച്ചു. സുഡാനിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു. ഇന്ത്യക്കാരെ നാട്ടിലേയ്‌ക്ക് കൊണ്ടുവരാൻ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്നും സുഡാനിലെ എല്ലാ സഹോദരങ്ങളെയും സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന്’ എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. സുഡാനിൽ കുടുങ്ങികിടക്കുന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രദേശത്ത് സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ കരമാർഗം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എംബസി അധികൃതർ വ്യക്തമാക്കിയിരുന്നു. സംഘർഷത്തിൽ ഇതുവരെ 420-ലധികം ആളുകൾ കൊല്ലപ്പെടുകയും 3,700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Comments