എറണാകുളം: യുദ്ധഭൂമിയായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രക്ഷദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും. ‘ഓപ്പറേഷൻ കാവേരി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ മന്ത്രി ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് വി.മുരളീധരൻ ഓപ്പറേഷൻ എകോപ്പിക്കുന്നത്. കൊച്ചിയിലെ യുവം വേദിയിൽ ആണ് ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി.
500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments