പത്തനംതിട്ട: ചൂട് പൊറോട്ട നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയ്‌ക്ക് മർദ്ദനം. പൊറോട്ടയ്‌ക്ക് ചൂടില്ലെന്ന കാരണത്താൽ പ്രകോപിതരായി ഒരു സംഘം ആളുകൾ ചേർന്ന് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. തിയറ്റർ പടിയിൽ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ മുരുകനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ തലയ്‌ക്ക് പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കോയിപ്രം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ കടന്നു കളഞ്ഞിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞമാസം സമാനരീതിയിൽ പത്തനംനിട്ടയിലെ പമ്പിൽ അതിക്രമം നടന്നിരുന്നു. പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിൽ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ ജീവനക്കാരന് മർദനമേറ്റിരുന്നു. ഇന്ധനം നിറയ്‌ക്കുന്നത് വൈകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അക്രമി സംഘത്തിൽ ഒരാൾ പമ്പിൽ പെട്രോൾ അടിക്കാനെത്തി. കറന്റ് പോയതിനാൽ ഇടപാടുകളിൽ താമസം നേരിടുകയും പമ്പിൽ തിരക്കാകുന്നതിനും ഇടയായി. തുടർന്ന് ഗൂഗിൾ പേ വഴി പണം നൽകിയിട്ടും കാത്തിരിക്കണോ എന്ന് ആക്രോശിച്ച് കൊണ്ട് നാലംഗ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
Comments