തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് സ്വാധീനം ഞെട്ടലുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കിട്ടിയാൽ നിയമപരമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ആരെങ്കിലും മയക്കുമരുന്ന് വിൽക്കുന്നു, ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. തെളിവ് സഹിതം രേഖാമൂലം സർക്കാരിനെ അറിയിക്കണം. അങ്ങനെയുണ്ടെങ്കിൽ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകും-മന്ത്രി പറഞ്ഞു.
സിനിമ മേഖലയിലെ രണ്ട് പേർക്കെതിരെ സംഘടനകൾ നടപടിയെടുത്ത് കഴിഞ്ഞു. അവർ ആ തെറ്റ് തിരുത്തി സിനിമാ രംഗത്ത് സജീവമാകുന്നതിന് ആരും എതിർപ്പല്ല, സിനിമാ മേഖലയുടെ പ്രവർത്തനം സുഗമമായി പോകാൻ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിംഗ് നടക്കുന്ന എല്ലായിടത്തും പോയി പരിശോധിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള പരാതി രേഖാമൂലം ലഭിച്ചാൽ എക്‌സൈസ് മന്ത്രിയുമായും മുഖ്യമന്ത്രിയുമായി സംസാരിച്ച് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംവിധായകനെ അടക്കം ബഹുമാനിക്കുകയോ, അവർ പറയുന്നത് അനുസരിക്കുകയോ ചെയ്യാത്തത് അടക്കം നിരവധി ആക്ഷോപങ്ങൾ ഉയരുന്നുണ്ട് .ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകൾ യുവതാരങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. നിലവിലെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്ഡ പ്രവർത്തിക്കുന്നവർക്ക് ബൈലോയുണ്ട്. അതുപ്രകാരം പ്രവർത്തിക്കേണ്ട ഉത്തരവാദിത്തം ഈ മേഖലയിലെ എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരെ സംയോജിപ്പിച്ച് കോൺക്ലേവ് നടത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. സ്ത്രീകളടക്കം ധാരാളം പേരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. സുരക്ഷിതത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
















Comments