തിരുവനന്തപുരം: ബാലകൃഷ്ണ എന്ന വിളിയാണ് കാതിൽ കേൾക്കുന്നത്. ഇത് സഹിക്കാൻ പറ്റുന്നില്ലെന്ന് വിങ്ങലോടെ ഓർമ്മകൾ പങ്കുവെച്ച് സായ്കുമാർ. നടൻ മാമുക്കോയ സത്യസന്ധനായ മനുഷ്യനായിരുന്നു. ആരോടും ഒരു തരത്തിലുള്ള വിരോധവും മനസ്സിൽ വെയ്‌ക്കാത്തൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു മാമുക്കോയ. എല്ലാവർക്കും അദ്ദേഹം നല്ല സുഹൃത്തുമായിരുന്നെന്നും വേദനയോടെ സായികുമാർ പറഞ്ഞു.
‘അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും കരുതിയിരുന്നത് തിരിച്ചുവരുമെന്ന് തന്നെയാണ്. ഞങ്ങളുടെ സൗഹൃദ ബന്ധത്തെ എങ്ങനെ വിശദീകരിക്കാനാകും. വാക്കുകൾ കൊണ്ട് തീരുന്നതല്ല ഞങ്ങളുടെ സൗഹൃദം. പല ഓർമ്മകളും മനസിലൂടെ പോകുന്നുണ്ട്. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. നാടകത്തിൽ കൂടിയാണ് ഞാനും അദ്ദേഹവും സിനിമയിലേക്ക് വന്നത്. സഹിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണ്. അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയും’സായികുമാർ പറഞ്ഞു.
മാമുക്കോയ എന്നും മലയാളികളുടെ മനസ്സിലേക്ക് കടന്ന് വരുന്നത് റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയയുടെ’ബാലാഷ്ണാ’ എന്ന് ഒറ്റ വിളിയിലൂടെയാണ്. നാല് പതിറ്റാണ്ട് നമ്മെ പൊട്ടിച്ചിരിച്ച ഹാസ്യ സുൽത്താന്റെ വിയോഗം സഹപ്രവർത്തകർക്ക് വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ സിനിമയിലെ മുൻഷിയുടെ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് സത്യൻ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി മാറുകയായിരുന്നു മാമുക്കോയ.
















Comments