കനകധാരാ സ്തോത്രം അർത്ഥവിശകലനം ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*സർവൈശ്വര്യങ്ങൾ ഉണ്ടാകാൻ ശങ്കരാചാര്യ സ്വാമി രചിച്ച കനകധാരാസ്തോത്രം*
ദാരിദ്ര്യദുരിതവും കടവും മാറി തൊഴിൽ മേഖലയിൽ ഉയർച്ച കൈവരിച്ചു ധനധാന്യ സമ്പദ് സമൃദ്ധി നേടാൻ കനകധാരാസ്തോത്രം അഥവാ “ശ്രീസ്തോത്രം” നിത്യവും ജപിച്ചാൽ മതി എന്നതാണ് വിശ്വാസവും അനുഭവവും. ഒരു നെല്ലിക്കയോ പൂവോ നാണയമോ മറ്റോ ജപിച്ച ശേഷം ലക്ഷ്മി ദേവിക്ക് സമർപ്പിച്ചാൽ നൂറിരട്ടിയായി തിരികെ ലഭിക്കും.
അദ്വൈതവേദാന്തിയായ ആദിശങ്കരൻ ഭിക്ഷാംദേഹിയായി ഒരു ദരിദ്രബ്രാഹ്മണഭവനം സന്ദർശിച്ചു. ഒരു നെല്ലിക്ക മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാൽ ഭിക്ഷാംദേഹിയെ വെറുംകൈയോടെ വിടാതെ, വൃദ്ധയായ വീട്ടമ്മ അകെ അവശേഷിച്ചിരുന്ന ആ ഒരു നെല്ലിക്ക അദ്ദേഹത്തിന് പൂർണ മനസോടെ ദാനം നൽകി. ജ്ഞാനിയായ ശങ്കര സ്വാമിയാർ അവിടുത്തെ ദാരിദ്ര്യം തിരിച്ചറിയുകയും, “കനകധാരാസ്തോത്രം” രചിച്ച് ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിക്കുകയും ചെയ്തു. അതിൽ പ്രസാദിച്ച ധനലക്ഷ്മി, സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ചുകൊണ്ട് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കുകയും ചെയ്തു എന്നാണു ഐതീഹ്യം. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറക്ക് സമീപം ഉള്ള ഈ ഇല്ലം സ്വർണ്ണത്തില്ലം എന്ന പേരിൽ ഇന്നറിയപ്പെടുന്നു.
ഗുരുവായി ശങ്കരാചാര്യരെ സങ്കൽപ്പിച്ചു വൃതാചാരത്തോടെ ഈ സ്തോത്രം പതിവായോ വെള്ളിയാഴ്ച തോറുമോ ജപിച്ചു ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്നിൽ സമർപ്പണത്തോടെ പ്രാർത്ഥിച്ചാൽ സർവൈശ്വര്യങ്ങളും ഫലം.
ഈ സ്തുതിക്ക് ഒരുപാടു പാഠഭേദങ്ങളുണ്ട്. കേരളത്തിൽ പരമ്പരാഗതമായി പ്രചാരത്തിലുള്ളത് ആദ്യത്തെ 15 ശ്ലോകവും ഫലശ്രുതിയും മാത്രമാണ്. പ്രചാരത്തിൽ ഉള്ള സ്തോത്ര പുസ്തകങ്ങളിൽ ഒക്കെ തന്നെയും 15, 16, 17 തുടങ്ങി പല വിധത്തിൽ ആണ് കാണപ്പെടുന്നത്. എന്നാൽ കേരളത്തിനു പുറത്ത് 16 തൊട്ട് 24 വരെയുള്ള ശ്ലോകങ്ങളും ചൊല്ലപ്പെടുന്നുണ്ട്. അതു തന്നെയുമല്ല, ഈ സ്തോത്രത്തിന്റെ തുടക്കത്തിൽ വന്ദന ശ്ലോകവും ചൊല്ലാറുണ്ട്.
വന്ദനം :
വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദളം
അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനം j
ജപരീതി
ഉപദേശം കൂടാതെ തന്നെ ജപിക്കാവുന്നത് ആണ് കനകധാരാ സ്തോത്രം. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപിക്കാം. രാവിലെ കിഴക്കോട്ടും, വൈകുന്നേരം പടിഞ്ഞാറോട്ടും നോക്കിയിരുന്നു ചൊല്ലാവുന്നതാണ്. ദേവിയുടെ ചിത്രത്തിന് മുൻപിൽ ചെറിയ അളവിൽ ശുദ്ധമായ ചന്ദനം, കുങ്കുമം വയ്‌ക്കണം. അഷ്ട ലക്ഷ്മി വിളക്കു നെയ്യ് ഒഴിച്ച് തെളിയിക്കാമെങ്കിൽ ഉത്തമം. ജപിച്ച ശേഷം, ഈ ചന്ദനം, കുങ്കുമം നെറ്റിയിൽ ചാർത്താം.
കനകധാരാ സ്തോത്രം അർത്ഥ സഹിതം.
അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം .
അംഗീകൃതാഖിലവിഭൂതിരപാംഗലീലാ
മാംഗല്യദാഽസ്തു മമ മംഗളദേവതായാഃ .. 1..
സാമാന്യ അർത്ഥം: മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ….
കാവ്യാർത്ഥം: നിറയെ പൂത്തുനിൽക്കുന്ന ഇരുണ്ട തമല വൃക്ഷം പെൺ വണ്ടിനെ ആകർഷിക്കുന്നു, അതുപോലെ മഹാലക്ഷ്മി ഹരിയുടെ സുഗന്ധവും ഇരുണ്ട നിറവും ഉള്ളതുമായ ശരീരത്തിൽ ആകർഷിക്കപ്പെടുകയും സന്തോഷം കണ്ടെത്തുകയും ശ്രീ ഹരി അതിൽ പുളകിതനാവുകയും ചെയ്യുന്നു. അവളുടെ ശുഭകരമായ നോട്ടത്താൽ അവൾ എനിക്ക് ഐശ്വര്യം നൽകട്ടെ.
(കവി ഇരുണ്ട തമല വൃക്ഷത്തെ മഹാവിഷ്ണുവിന്റെ ഇരുണ്ട സുന്ദരമായ രൂപത്തോടും ഇരുണ്ട വണ്ടിനെ മഹാലക്ഷ്മിയുടെ കറുത്ത തിളക്കമുള്ള കണ്ണുകളോടും താരതമ്യം ചെയ്യുന്നു. ലക്ഷ്മിയുടെ കണ്ണുകൾ വിഷ്ണുവിലേക്ക് നോക്കുന്നത് അദ്ദേഹത്തിന് വലിയ സന്തോഷം നൽകുന്നു. അവളുടെ കണ്ണുകളുടെ ഒരു നിമിഷനേരത്തെ ഒരു മിന്നൽ ആരുടെ മേലെ വീഴുന്നോ അത് അവനെ ഐശ്വര്യം നൽകി അനുഗ്രഹിച്ചു സന്തോഷവാനാകും)
(തുടരും)
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
















Comments