ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്ക് വേണ്ടി ശ്രമിച്ചിരുന്ന ബിആർഎസ് നിലപാട് മാറ്റത്തിലേക്ക്. കോൺഗ്രസിനോടൊപ്പം ചേർന്നാൽ പ്രതിപക്ഷ ഐക്യത്തിന്റെ മുഖം രാഹുലാകരുത് എന്ന നിബന്ധനയാണ് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു മുന്നോട്ട് വെയ്‌ക്കുന്നത്. പ്രതിപക്ഷ ഐക്യത്തിൽ രാഹുലിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് കെസിആർ.
ദേശീയാടിസ്ഥാനത്തിൽ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് കോൺഗ്രസ് മനസ്സിലാക്കണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രാദേശിക കക്ഷികളുമായി ചർച്ച നടത്തി സഖ്യത്തിലെത്തണമെന്നും റാവു പ്രതികരിച്ചു. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ അവർക്ക് അനുയോജ്യമായിട്ടുള്ള വിഹിതം നൽകണം. എന്നാൽ അതില്ലാത്ത സ്ഥലങ്ങളിൽ പ്രാദേശിക കക്ഷികൾക്കാണ് ശക്തിയുള്ളതെങ്കിൽ കോൺഗ്രസ് അവർക്ക് വേണ്ടി വഴിമാറിക്കൊടുക്കണം. പ്രതിപക്ഷ ഐക്യം ശക്തമാവണമെങ്കിലും ഗുണപരമാവണമെങ്കിലും ഇത് മാത്രമാണ് വഴിയെന്നും കെസിആർ വ്യക്തമാക്കി.
പ്രതിപക്ഷ മുഖമായി ഉയർന്നുവരാൻ നിതീഷ് കുമാറും മമതാ ബാനർജിയും ശ്രമിക്കുന്നതിനിടെയാണ് താനും അതിന് യോഗ്യനാണെന്ന് തെളിയിക്കാനുള്ള കെസിആറിന്റെ പുതിയ നീക്കം. ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി ആയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന.
















Comments