വൻതോതിൽ വികാരം കൊള്ളാതെ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായി കണ്ട് അഭിനയിക്കുന്ന നടൻ അതാണ് മാമുക്കോയ . ‘ തമാശയോ? ഞാൻ വളരെ സീരിയസായി അഭിനയിക്കുകയാണ്. അതിന്റെ റിസൽട്ട് കോമഡിയാണെന്നു മാത്രം. ‘ എന്ന് ധൈര്യപൂർവ്വം പറയാൻ കഴിയുന്ന കോഴിക്കോടുകാരൻ . 26-)0 വയസിൽ 15 കാരിയെ ബീവിയാക്കുമ്പോൾ കല്യാണക്കുറിയടിക്കാനുള്ള കാശ് പോലും മാമുക്കോയയുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അതും മാമുക്കോയ ഒരു കഥയായങ്ങ് പറയും
‘ ആദ്യം ഞാൻ പെണ്ണു കാണാൻ പോയതിനുമുണ്ട് ഒരു കഥ. പെണ്ണു കണ്ടിഷ്‌ടപ്പെട്ടു വീട്ടിൽ വന്നപ്പോൾ പെണ്ണിന്റെ കൂട്ടർ ഞാനറിയാതെ എന്നെക്കുറിച്ചന്വേഷിച്ചു. ചെറുക്കൻ കള്ളുകുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോടു പറഞ്ഞു. ‘‘ഞാൻ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാൻ കരുതുന്നില്ല. നിങ്ങൾ ഈ റൂട്ടിൽ അന്വേഷിച്ചാൽ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്‌ടമായി.’’ ഇത്രയും കേട്ടതേ അവർ ആലോചന മതിയാക്കി. രണ്ടാമതൊരു കുട്ടിയെ കണ്ടു. തരക്കേടില്ല. ഇവൾ ഭാര്യയായി പറ്റുമെന്നു തോന്നി. ‘‘ന്റെ ഭാര്യയായി വരൻ അവൾക്കു പറ്റുമോ എന്നറിഞ്ഞാൽ മതി സ്‌ത്രീധനം വേണ്ട. സ്വർണം ഉണ്ടെങ്കിൽ കൊടുത്തോ’’ –ഞാൻ പറഞ്ഞു. 26 ാം വയസ്സിൽ 15 കാരിയായ സുഹ്‌റാബീവിയെ കല്യാണം കഴിക്കുമ്പോൾ കല്യാണക്കുറിയടിക്കാൻ കാശില്ലായിരുന്നു. സ്വന്തം കൈപ്പടയിൽ എഴുതി കുറിച്ച ബ്ലോക്കെടുത്തു തന്നതു സ്‌നേഹിതൻ വാസുപ്രദീപ്. അതു വീട്ടാൻ മാർഗമില്ലാതെ, ഒടുവിൽ 5400 രൂപയ്‌ക്കു വീടു വിറ്റു. വീടു വർഷംതോറും മേയാൻ കൂടി കഷ്‌ടപ്പാടായിരുന്നു.- പറയുമ്പോൾ ആ കണ്ണുകളിൽ ഹാസ്യത്തിന്റെ മേന്മമ്പൊടി ലവലേശവും ഇല്ല .
പക്ഷെ വിവാഹം കഴിഞ്ഞും പ്രേമലേഖനങ്ങൾ വന്നിരുന്നുവെന്ന് മാമുക്കോയ പറയും . ഒരു കത്ത് ഇങ്ങനെ ‘സുഹ്‌റാബീവിയെ കൂടാതെ മറ്റാരെയെങ്കിലും കല്യാണം കഴിക്കാൻ ഉദ്ദേശ്യമുണ്ടോ? മുമ്പു വല്ല പ്രേമവുമുണ്ടായിരുന്നോ? ഇന്ന വേഷം കണ്ടു തരക്കേടില്ല മറ്റേ വേഷം അതിലും നന്നായി ഒരു കളർഫോട്ടോ അയച്ചുതരണം. പുസ്‌തകത്തിൽവയ്‌ക്കാനാണ്. ഞാനെന്നുമോർമിക്കും.’’ ഞാനെഴുതി ‘അയച്ചുതരാം പുസ്‌തകത്തിൽ വയ്‌ക്കേണ്ട’. നല്ല രസമുള്ള കത്തുകൾ വായിച്ച് ഞാൻ ഒരാൾക്ക് (സുഹ്‌റാബീവി) കൊടുക്കും
ചിരിപ്പടങ്ങൾ വിജയിച്ചതിനെ തുടർന്നു ഹാസ്യനടൻമാർ നായകൻമാരാകുന്നുണ്ടല്ലോ എന്ന് ചോദിച്ചാൽ ആർക്കും എന്തും ആവാമല്ലോ. നായക സങ്കൽപം ഇപ്പോഴും മമ്മൂട്ടിയെയും മോഹൻലാലിനെയും ചുറ്റിപ്പറ്റിയാണ്. നടനെ നോക്കിത്തന്നെയാണ് ഇപ്പോഴും കഥാപാത്രങ്ങളെ ഉണ്ടാക്കുന്നത് എന്നാണ് മാമുക്കോയയുടെ മറുപടി.
നിസാർ, ഷാഹിദ, നാദിയാ, റഷീദ് എന്നിവരാണ് മക്കൾ . മുസ്‌ലിം സംസ്‌കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവർക്കു സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കൾക്കു നല്ല കമ്പനിയുണ്ടാവണം. ലോകത്തിന്റെ വിവിധ വശങ്ങൾ അറിയണം. ഇപ്പോൾ പുകവലിക്കാറില്ല. ലോകത്തിൽനിന്ന് അകറ്റി മക്കളെ വീട്ടിൽത്തന്നെ അടക്കി നിർത്തുന്നതു മണ്ടത്തരമാണ്. അവർ മൂഢനായേ വളരൂ- എന്നാണ് മാമുക്കോയ പറഞ്ഞത് .
















Comments