തിരുവനന്തപുരം: ഹീമോഫീലിയ രോഗികൾക്ക് മരുന്ന് വീട്ടിലെത്തിക്കുമെന്ന സംസ്ഥാന സർക്കാറിന്റെ ഉറപ്പ് പാഴാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ് ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായിട്ടില്ല.
കേരള ബ്ലഡ് പേഷ്യൻസ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മരുന്ന് വീട്ടിലെത്തിക്കുമെന്ന് പറഞ്ഞത്. രോഗികൾക്ക് രണ്ട് ഡോസ് മരുന്ന് എത്തിച്ചു നൽകുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. മരുന്ന് ലഭ്യമായിട്ടും കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ഹീമോഫീലിയ രോഗികൾക്കിടയിലുണ്ടാകുന്ന മരണം ബന്ധുക്കളെ ആശങ്കയിലാക്കുകയാണ്.
കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും മരുന്ന് ലഭിക്കാതെ രോഗികൾ കടുത്ത ദുരിതത്തിലാണ്. രക്തസ്രാവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ മരുന്നു നൽകി നിയന്ത്രിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ പോലും അപകടത്തിൽ ആകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 18 വയസ്സ് വരെ പ്രെഫൈലാക്‌സിസ് ചികിത്സയ്‌ക്ക് സംസ്ഥാനത്ത് സൗകര്യമുണ്ടായിട്ടും ഇതൊന്നും നടപ്പിലാവാറില്ല. മരുന്നിന്റെ ലഭ്യതയും വിദഗ്ധ ഹെമറ്റോളജി ചികിത്സയും ഇല്ലാതെയുള്ള ഹീമോഫീലിയ രോഗികൾ തുടർച്ചയായ മരണപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Comments