ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാർ ഡൽഹിയിൽ എത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. ജിദ്ദ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്‌ക്ക് 1.56നായിരുന്നു വിമാനം പുറപ്പെട്ടത്. സൗദി അറേബ്യ എയൽലൈൻസിന്റെ വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഓപ്പറേഷൻ കാവേരി എന്ന ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായാണ് 367 ഇന്ത്യക്കാർ മാതൃരാജ്യത്തെത്തിയത്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര കലാപമാണ് സ്ഥിതിഗതികൾക്ക് കാരണം. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ച് അവിടെ നിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഇതിനോടകം 534 ഇന്ത്യൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചുവെന്നാണ് കണക്ക്.
Comments