ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗം ഇന്ന്. യോഗത്തിൽ പങ്കുചേരുന്നതിനായി ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. സന്ദർശനത്തിൽ അതിർത്തി സംഘർഷ വിഷയങ്ങൾ ചർച്ചാ വിഷയമാകുമെന്നാണ് ലഭിക്കുന്ന സുചന.
യോഗത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഡെപ്സാംഗ്, ഡെംചോക്കിലെ ചാർഡിംഗ് നിംഗ്ലുംഗ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റത്തെക്കുറിച്ച് ഇന്ത്യയുടെ പ്രതിനിധി കൂടിക്കാഴ്ചയിൽ സംസാരിക്കും. 2020-ന് മുൻപുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം സൈനിക തല ചർച്ചയിൽ ചൈന അംഗികരിച്ചിരുന്നില്ല.
ഗാൽവൻ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു. ഇതിന് ശേഷം, അതായത് 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായിയെന്ന് കണക്കാക്കപ്പെടുന്ന ജനറൽ ലീയുടെ ഇന്ത്യാ സന്ദർശനം.
ഏപ്രിൽ 27,28 തീയതികളിലായി നടക്കുന്ന യോഗത്തിൽ പാകിസ്താൻ ഒഴികെയുള്ള എസ്‌സിഒ അംഗരാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഭീകരവാദ ഭീഷണിയും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഉൾപ്പെടെ വിവിധ സുരക്ഷ വിഷയങ്ങൾ എസ്‌സിഒ മന്ത്രിമാരുടെ യോഗത്തിൽ ചർച്ച വിഷയമാകും.
ന്യൂഡൽഹിയിൽ നടക്കുന്ന എസ്‌സിഒ പ്രതിരോധ മന്ത്രിതല യോഗത്തിന് ശേഷം മെയ് 4,5 തീയതികളിലായി ഗോവയിൽ വിദേശകാര്യ മന്ത്രിതല യോഗവും നടക്കും. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് 2001-ൽ സ്ഥാപിതാമായതാണ് എസ്‌സിഒ. പിന്നീട് ഏറ്റവും വലിയ ട്രാൻസ് -റീജിയണൽ അന്താരാഷ്‌ട്ര സംഘടനകളിലൊന്നായി എസ്സിഒ മാറുകയായിരുന്നു. 2017-ലാണ് ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളാവുന്നത്.
Comments