ന്യൂഡൽഹി: സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യലെത്തിയ പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. ബുധാന്‌ഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 367 ഇന്ത്യക്കാർ എത്തിയത്. ഇവരിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട്, റോഷൽ ആലപ്പാട്ട്, ഡാനിയേൽ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണുവും രാവിലെ 8.50 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഡൽഹിയിൽ നിന്ന് 5.30-ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ പുറപ്പെട്ടത്.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ് വർഗീസ്, മകൾ ഷെറിൻ തോമസ് എന്നിവരുടെ കുടുംബം രാവിലെ 8.20-ന് പുറപ്പെടുന്ന വിസ്താര ഫ്‌ളൈറ്റിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇവർ 11:40-ഓടുകൂടി തിരുവനന്തപുരത്തെത്തും.
അതേസമയം സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ സൈബല്ല, മകൾ എന്നിവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്ക് ടിക്കറ്റ് ശരിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 1,100 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ നിന്ന് തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുന്നത് വരെ ദൗത്യം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി.
















Comments