എറണാകുളം: കേരള ചരിത്രത്തിൽ അത്യപൂർവ്വമായ വിഗ്രഹപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച് കുമ്പളം സഞ്ജീവനി പൂജാ മഠം. മഠത്തിലെ ശ്രീ ശാസ്താഞ്ജനേയ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം നടന്നു. അയ്യപ്പ സ്വാമിയ്ക്കും ഹനുമാൻ സ്വാമിയ്ക്കും തുല്യ പ്രാധാന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ശബരിമല തന്ത്രി ബ്രഹ്‌മശ്രീ കണ്ഠരര് മോഹനരരുടെ മുഖ്യ കാർമ്മി ഹത്വത്തിലായിരുന്നു വിഗ്രഹപ്രതിഷ്ഠ.
അയ്യപ്പ സ്വാമിയേയും ഹനുമാൻ സ്വാമിയേയും തുല്യ പ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രമാണ് ശ്രീ ശാസ്താഞ്ജനേയ ക്ഷേത്രം. രണ്ട് കരിങ്കൽ മണ്ഡപങ്ങളിലായി ഇരു മൂർത്തികളുടേയും പഞ്ചലോഹ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്. ആത്മീയ മണ്ഡലത്തിലെ ചരിത്രത്തിലാദ്യമായി മേൽ ശാന്തി സമാജത്തിലെ പണ്ഡിത ശ്രേഷ്ഠന്മാരായ 22-ൽ പരം മേൽശാന്തിമാരും മുഖ്യ കാർമ്മികത്വം വഹിച്ചു. ശബരിമല, മാളികപ്പുറം മുൻ മേൽശാന്തിമാരും കാർമ്മികത്വം വഹിച്ചവരിൽ ഉൾപ്പെടുന്നു.
രാവിലെ 10.30-നും 11.30-നും മധ്യേയായിരുന്നു വിഗ്രഹ പ്രതിഷ്ഠ. തുടർന്ന് ദേവന്മാർക്കും താഴികക്കുടങ്ങൾക്കും കലശാഭിഷേകം, ദേവന്മാർക്ക് അഷ്ടാഭിഷേകം എന്നിവ നടന്നു. പ്രതിഷ്ഠ കഴിഞ്ഞ് നടയടച്ചതിന് ശേഷം നാലാം കലശ നാളിലാണ് നടതുറക്കുക. തുടർന്ന് നിത്യപൂജ ആരംഭിക്കും. ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചടങ്ങുകൾ നടന്നിരുന്നു. മഠത്തിന്റെ വിധവാ പെൻഷൻ പദ്ധതിയായ അമ്മയ്‌ക്കൊപ്പം പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ നടന്നു.
Comments