കൊല്ലം: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ കൊല്ലം സ്വദേശികൾ നാട്ടിലേക്ക് മടങ്ങി. തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ, മകൾ ഷെറിൻ തോമസ് എന്നിവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു സുഡാനിൽ കഴിഞ്ഞിരുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് സഹായിച്ചതെന്നും ഷെറിൻ തോമസ് ജനം ടിവിയോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു കൊട്ടാരക്കര സ്വദേശിയായ തോമസ് വർഗീസും കുടുംബവും. മൂന്നാല് ദിവസം പുറത്തിറങ്ങാൻ കഴിയാതിരുന്ന സുഡാനിലെ മോശമായ അവസ്ഥയെക്കുറിച്ച് കുടുംബം ഓർമിക്കുന്നു. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിൽ ഭയന്ന് വിറച്ച് കഴിയേണ്ടി വന്ന സാഹചര്യം ബിബിഎ വിദ്യാർത്ഥിനി ഷെറിൻ തോമസും ജനം ടിവിയോട് പങ്കുവെച്ചു. കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് സഹായിച്ചതെന്നും ഷെറിൻ തോമസ് പറഞ്ഞു.
ആഭ്യന്തരകലാപം നടക്കുന്ന സുഡാനിൽ നിന്നും ബുധനാഴ്ച രാത്രി ഡൽഹിയിലെത്തിയ ആദ്യ സംഘത്തിൽ 19 മലയാളികളാണുണ്ടായിരുന്നത്. സുഡാനിലുള്ള മറ്റ് മലയാളികളെ കൂടി കേന്ദ്ര സർക്കാർ ഉടൻ നാട്ടിലെത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
















Comments