തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ആശയപരമായി ഗോപാലകൃഷ്ണൻ സാറിനോട് താൻ യോജിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞതിൽ നിന്ന് വേറിട്ടു നിൽക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റെ പ്രത്യയശാസ്ത്രത്തിന് വിപരീതമായിരുന്നെങ്കിലും അദ്ദേഹം വലിയ രാജ്യസ്‌നേഹിയായിരുന്നു. തന്റെ ശരികൾക്ക് വേണ്ടി പോരാടുന്ന ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഞാൻ ദുഖിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. എന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. 68 വയസായിരുന്നു. ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെയാണ് ഡോ. എൻ.ഗോപാലകൃഷ്ണൻ ശ്രദ്ധപിടിച്ചു പറ്റിയത്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായി മാറിയത്. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി.
ഹിന്ദു സമാജത്തിന് അറിവും ഊർജ്ജവും പകർന്നു നൽകിയ ആത്മീയ പ്രഭാഷകനായിരുന്നു ഡോ. എൻ ഗോപാലകൃഷ്ണൻ. ഭഗവത്ഗീതയെ വളരെ ലളിതമായി വിശദീകരിച്ചിരുന്ന അദ്ദേഹം ഗീതാ പ്രഭാഷണങ്ങളിലൂടെയാണ് ജനമനസുകളിൽ ഇടം നേടിയത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ സ്ഥാപക ഡയറക്ടറായ ഡോ. എൻ. ഗോപാലകൃഷ്ണന് 28 വർഷത്തെ ഗവേഷണ പരിചയമുണ്ട്. ശാസ്ത്ര ജേർണലുകളിൽ 50 ഗവേഷണ ശാസ്ത്ര പ്രബന്ധങ്ങൾ, 7 പേറ്റന്റുകൾ ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും, വിദേശത്തു നിന്നും 9 ശാസ്ത്ര ജനകീയവത്കരണ അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
















Comments