പൂരമിങ്ങടുത്തു, ജാതിമതഭേദമന്യേ എല്ലാ പൂരപ്രേമിയുടെയും നെഞ്ചിൽ പഞ്ചാരിമേളവും മനസ്സിൽ കുടമാറ്റവും തുടങ്ങി.പൂരമെന്ന വാക്ക് കേട്ടാല്‍ ഏതൊരു മലയാളികള്‍ക്കും ഓര്‍മ വരുന്നത് തൃശൂര്‍ പൂരമാണ്. തൃശ്ശുര്‍പൂരം കൂടണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിക്കാത്തവരുണ്ടാവില്ല. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് പൂരം.ലോകമെങ്ങും പേരുകേട്ട ഉത്സവമാണ് തൃശ്ശുര്‍പൂരം.200 വര്‍ഷം മുന്‍പ് ശക്തന്‍ തമ്പുരാനാണ് പൂരത്തിന് തുടക്കം കുറിച്ചത്.
ഈ മാസം (ഏപ്രില്‍ )30നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു .പൂരം എന്നാല്‍ അര്‍ത്ഥം കൂട്ടം അല്ലെങ്കില്‍ യോഗം എന്നാണ്. തൃശൂർ പൂരത്തിന് സമീപ ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശിവഭഗവാനെ കാണാന്‍ വരുന്നു എന്നാണ് വിശ്വാസം. പൂരങ്ങളുടെ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശൂര്‍ക്കാര്‍. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദ മത്സരമാണ് പൂരം്. ഇരു വിഭാഗങ്ങളും മറ്റ് ഘടകക്ഷേത്രങ്ങളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ്. വര്‍ണാഭമായ പന്തലിന്റെ ചിലവ് ഏകദേശം പത്ത് ലക്ഷത്തോളം രൂപയോളമാണ്. തൃശ്ശുര്‍പൂരം എന്ന് പേര് ഉണ്ടെങ്കിലും വിദേശികളും സ്വദേശികളുമടക്കം പതിനായിരങ്ങളാണ് തേക്കിന്‍കാട് മൈതാനിയിലേക്ക് എത്തുന്നത്.കുടമാറ്റവും മേളവും വെടിക്കെട്ടും ആനകളും എല്ലാം തൃശൂരിന് ചന്തമേറ്റും.
തൃശ്ശുരിന് സ്വന്തമായി പൂരമില്ലാതിരുന്ന കാലത്ത് ആറാട്ടുപുഴ പൂരമായിരുന്നു ഏറ്റവും വലിയ ആഘോഷം . വിവിധ ദേശങ്ങളിലെ ഘടകപൂരങ്ങള്‍ ആറാട്ടു പുഴ പൂരത്തില്‍ പങ്കെടുക്കുമായിരുന്നു.ലോകത്തുള്ള എല്ലാ ദേവീദേവന്‍മാരും ആറാട്ടുപുഴ പൂരത്തില്‍ സംഗമിക്കുമെന്നാണ് വിശ്വാസം.1796 ല്‍ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ ഘടകപൂരങ്ങള്‍ക്ക് ശക്തമായ കാറ്റും പേമാരിയും കാരണം ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.ഇതോടെ ഈ ഘടകപൂരങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിച്ചു. ഇതില്‍ കോപിഷ്ടനായ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ (1797 മെയ്) തൃശൂര്‍ പൂരം ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് പൂരത്തിലെ പ്രധാനികള്‍.തൃശ്ശുരിന്റെ ഹൃദയമായ തേക്കിന്‍കാട് മൈതാനത്തിലും വടക്കുംനാഥന്‍ ക്ഷേത്രത്തിലുമായിട്ടാണ് പൂരം നടക്കുക. 65 ഏക്കറില്‍ പരന്നു കിടക്കുന്നതാണ് തേക്കിന്‍കാട് മൈതാനം. എട്ട് ചെറുപൂരങ്ങള്‍ കൂടുന്നതാണ് തൃശ്ശുര്‍പൂരം എങ്കിലും മുഖ്യ പങ്കാളികള്‍ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ്.
പൂരത്തില്‍ തന്നെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്ത് അരങ്ങേറുന്ന ഇലഞ്ഞിത്തറമേളത്തിനും തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനും കാണികളേറെയാണ്.200 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ പൂരത്തിന് ആറാട്ടുപുഴ ദേവസംഗമമായും ബന്ധമുണ്ട്.പൂരത്തിന്റെ വരവറിയിച്ചു കൊണ്ട് എല്ലാ വര്‍ഷവും തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ നടത്തിവരുന്നു.ആറ് ലക്ഷത്തിലധികം പേര്‍ പൂരം എക്സിബിഷന്‍ കാണാന്‍ വരുന്നു എന്നാണ് കണക്ക്. ഘടകപൂരങ്ങള്‍ ഉണ്ടെങ്കിലും വെടിക്കെട്ടും കുടമാറ്റവും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ അവകാശമാണ്.പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
വര്‍ഷം മുഴുവന്‍ അടച്ചിടുന്ന തെക്കേ ഗോപുര നട പൂരത്തലേന്ന് നെയ്തലക്കാവിലമ്മ തുറക്കുന്നു.
പൂരനാളില്‍ കണിമംഗലം ശാസ്താവിനെ കണ്ടാണ് വടക്കുംനാഥന്‍ ഉണരുന്നത്. കണിമംഗലം ദേശത്തെ പ്രതിഷ്ഠയായ ദേവഗുരുവായ ബൃഹസ്പതിയാണ് വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്‌ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം.
പാറമേക്കാവും തിരുവമ്പാടിയും കൂടാതെ എട്ട് ചെറു പൂരങ്ങള്‍ കൂടിചേരുന്നതാണ് തൃശ്ശുര്‍പൂരം. കാലത്ത് ഏഴുമണിയോടെ ഈ ചെറുപൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കുന്നതോടു കൂടി പൂരത്തിന് തുടക്കമായി. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം , കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെയാണ് ഈ ചെറുപൂരങ്ങള്‍ .
മഠത്തില്‍ വരവ്
മഠത്തില്‍ വരവിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. തൃശ്ശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്‌മണരുടെ വേദ പാഠശാലയായിരുന്നു ഈ മഠം ഇപ്പോഴും നിലവിലുണ്ട്. ഈ മഠത്തിന്റെ രക്ഷാധികാരി് നടുവില്‍ മഠം സ്വാമിയാര്‍ ആയിരുന്നു . ഈ മഠത്തിന് സ്വന്തമായി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നെറ്റിപ്പട്ടങ്ങള്‍ ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപ്പട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നുളള മോഹമുണ്ടാവുകയും തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിക്കുകയും ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച് അണിയിക്കാം എന്ന മറുപടി കിട്ടിയതിനെ തുടര്‍ന്ന് ഉണ്ടായ ചടങ്ങാ ണ് മഠത്തില്‍ വരവ്.
അന്ന് മുതല്‍ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ വെച്ച് നെറ്റിപ്പട്ടം മാറ്റി അണിയാനും തുടങ്ങി. സ്വര്‍ണം പൊതിഞ്ഞ നെറ്റിപ്പട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ് തുടരുന്നു. നടുവില്‍ മഠത്തില്‍ ദേവ ചൈതന്യം ഉള്ളതിനാല്‍ അവിടെ വെച്ച് ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്ക് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന മഠത്തില്‍ വരവ്. രണ്ടരമണിക്കൂര്‍ കൊണ്ട് മഠത്തില്‍ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് പതിനൊന്നരയോടെ മഠത്തില്‍ വരവ് ആരംഭിക്കുന്നു. നിരവധി പഞ്ചവാദ്യ വിദഗ്‌ദ്ധന്മാര്‍ പങ്കെടുക്കുന്ന പഞ്ചവാദ്യമേളമാണ് മഠത്തില്‍ വരവിന്റെ പ്രത്യേകത.
ഇലഞ്ഞിത്തറ മേളം
പന്ത്രണ്ടുമണിയോടെ പൂരത്തില്‍ പങ്കെടുക്കാന്‍ പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു തുടര്‍ന്ന് ചെമ്പട മേളവും പാണ്ടിമേളവും ഒപ്പം ചെറിയ രീതിയിലുള്ള കുടമാറ്റവും ഇതോടൊപ്പം നടക്കുന്നു. വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍് എഴുന്നള്ളത്ത് അവസാനിക്കുകയും കൂത്തമ്പലത്തിനു മുന്നിലെ ഇലഞ്ഞിത്തറയില്‍ നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പാണ്ടി മേളം തുടങ്ങുകയും ചെയ്യുന്നു.വാദ്യകലാരംഗത്തെ കുലപതികളാണ് ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുക്കാറുള്ളത് ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്.
തെക്കോട്ടിറക്കം
ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.വൈകീട്ട് നാലരയോടെ പാറമേക്കാവ് ഭഗവതിയുടെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നില്‍ക്കും .തിരുവമ്പാടി ഭഗവതി തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ ആവേശപൂര്‍ണ്ണമായ കുടമാറ്റത്തിന് തുടക്കം കുറിക്കുകയായി.
കുടമാറ്റം
രണ്ടു വിഭാഗം ദേവിമാരുടെ കൂടിക്കാഴ്ചയാണ് കുടമാറ്റം.പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ വര്‍ണ്ണക്കുടകള്‍ ഉയര്‍ത്തി കാണിച്ചു മത്സരിക്കുന്നു.ഓരോ കുട ഉയര്‍ത്തിയ ശേഷവും മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തുന്നു അതിനു ശേഷം അടുത്ത കുട ഉയര്‍ത്തുന്നു.വര്‍ണങ്ങള്‍ മാറിമറിയുന്ന കുടകള്‍ കാണികളില്‍ ആര്‍പ്പുവിളി ഉയര്‍ത്തും.ഒരു ചെറിയ വെടിക്കെട്ടോടെ കുടമാറ്റം അവസാനിക്കുന്നു. ഇവിടെ പകല്‍പൂരം അവസാനിക്കുന്നു.രാത്രിയില്‍ ചെറിയ പൂരങ്ങള്‍ ആവര്‍ത്തിക്കുന്നു.പിറ്റേദിവസം പുലര്‍ച്ചേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണം. തൃശ്ശുര്‍ പൂരം വിദേശികള്‍ക്കു വേണ്ടിയാണെങ്കില്‍ പൂരപ്പിറ്റേന്ന് നടക്കുന്ന പാണ്ടി മേളം തൃശ്ശുര്‍കാര്‍ക്ക് വേണ്ടിയാണ്.ഇതിനെ തൃശ്ശൂര്‍ക്കാരുടെ പൂരം എന്നും പറയാറുണ്ട്. പന്ത്രണ്ട് മണിയോടെ അവസാനിക്കുന്ന പാണ്ടി മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ഓരോ മലയാളികളുടെ കണ്ണും നിറഞ്ഞു പോകുന്ന കാഴ്ചയാണ് . അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നു. ഇതോടെ പൂരചടങ്ങുകള്‍ അവസാനിക്കുന്നു.
തേക്കിന്‍കാട് മൈതാനത്ത് പൂരം നാളില്‍ നടക്കുന്ന കച്ചവടത്തിന് ഇന്നും കൃത്യമായ കണക്കില്ല. ആഘോഷങ്ങളുടെ നാടാണ് കേരളം. ഒരു ഉത്സവത്തിനപ്പുറം തൃശ്ശൂര്‍ പൂരം ദേവീദേവന്മാരുടെ സംഗമം മാത്രമല്ല, പൂരം നെഞ്ചിലേറ്റുന്ന കുറച്ചധികം മലയാളികളുടെ വികാരമാണ് .പൂരം നടക്കുന്നത് ഓരോ പൂരപ്രേമിയുടെയും മനസ്സിലാണ്.
നിമിത വി കെ
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)
Comments