വെള്ളറട: ചരിത്രപ്രസിദ്ധമായ വരമ്പതി കാളിമല തീർത്ഥാടനം നാളെ തുടങ്ങും. മെയ് അഞ്ചിന് ചിത്രപൗർണമി പൊങ്കാലയോടെ സമാപിക്കും. കാളിമല തീർത്ഥാടന വിളംബര രഥയാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. രാവിലെ വെള്ളായണി ദേവീക്ഷേത്രത്തിൽ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തത്.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയം സേവക് സംഘ് നേതാക്കളായ സുദർശൻ, പ്രമോദ്, കാളിമല ട്രസ്റ്റ് ഭാരവാഹികളായ രാജേന്ദ്രൻ, കെ.പ്രഭാകരൻ, നെടിയാംകോട് ശ്രീകുമാർ, പത്തുകാണി മോഹനൻ, കളിയൽ കുമാർ, അഡ്വ. സുജിത്ത്, തുടങ്ങിയവർ പങ്കെടുത്തു. നാളെ വൈകീട്ട് 5-ന് രഥയാത്ര വെള്ളറട ചൂണ്ടിക്കലിൽ സമാപിക്കും. തുടർന്ന് തീർത്ഥാടന ഉദ്ഘാടന സമ്മേളനം നടക്കും. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വത്സൻ തില്ലങ്കേരി ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. പൂജ്യ ചൈതന്യാനന്ദജി മഹാരാജ അനുഗ്രഹ പ്രഭാഷണം നടത്തും.
ഇതോടുകൂടി 7 ദിവസം നീണ്ടുനിൽക്കുന്ന കാളിമല തീർത്ഥാടനത്തിന് തുടക്കമാകും. തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു മേയ് 5-നാണ് കാളിമല പൊങ്കാല. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഓളം സഹ്യപർവ്വത ശിഖരമായ കൂനിച്ചി, കൊണ്ടകിട്ടി, വരമ്പതി മലകളുടെ മുകളിലായിട്ടാണ് കാളിമല തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്. തീർത്ഥാടന ദിവസങ്ങളിൽ ദേവീ മാഹാത്മ്യം പാരായണം, അന്നദാനം മറ്റു വിശേഷാൽ പൂജകൾ എന്നിവയുമുണ്ട്.
മൂന്നിന് രാവിലെ 9-ന് അഷ്ടാഭിഷേകം, നാലിന് രാവിലെ 9-ന് ഭജന, പത്തിന് സുദർശന ഹോമം, വൈകീട്ട് 4-ന് തിരുവിളക്ക് പൂജ, രാത്രി 8-ന് മലദേവ സംഗമഭൂമിയായ ശൂലം കുത്തിയിലും ഗുഹയിലും വിശേഷാൽ ചാറ്റുപാട്ട്, 5-ന് രാവിലെ 8-ന് 48 സെറ്റിൽമെന്റ് മൂട്ടുകാണിമാർക്ക് പൂർണകുംഭം നൽകി സ്വീകരണം. 9.30-ന് ചിത്രപൗർണമി പൊങ്കാലയുടെ പണ്ടാര അടുപ്പിൽ ദീപം തെളിക്കൽ. 10.15-ന് ഹിന്ദുമഹാസമ്മേളനം പൂർണ ചൈതന്യ ഉദ്ഘാടനം ചെയ്യും. 11-ന് അന്നദാനം, 12-ന് പൊങ്കാല നിവേദ്യം, രാത്രി 12-ന് കാളിയൂട്ടോടെ തീർത്ഥാടനം സമാപിക്കും.
മലമുകളിൽ എത്തുന്ന വിശ്വാസികൾക്ക് പൊങ്കാലയിടാനുള്ള സൗകര്യത്തിനായി മലമുകളിലും അടിവാരത്തിൽ തട്ടുകളായി തിരിച്ച് പൊങ്കാലക്കളങ്ങൾ ഒരുക്കുന്ന പണികൾ പൂർത്തിയായി. കൂടാതെ മലമുകളിൽ ഒന്നര ലക്ഷം ലിറ്റർ കുടിവെള്ളവും ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജമാക്കി. തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി മൂന്നിടത്തായി ഇടത്താവളങ്ങൾ ഒരുക്കും.
















Comments