ന്യൂഡൽഹി: രാജ്യത്ത് എഫ്എം റേഡിയോ സംപ്രക്ഷണം വർദ്ധിപ്പിക്കുന്നതോടെ വിവരങ്ങൾ സമയോചിതമായി പ്രചരിക്കും. ഇതിലൂടെ കാർഷികമേഖലയ്‌ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിക്കും. കർഷകരെ സഹായിക്കുകയും വനിതാ സ്വയം സഹായ സംഘങ്ങളെ പുതിയ വിപണിയുമായി ബന്ധിപ്പിക്കുകയും ചെയ്യും. സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണത്തിനായി സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
റേഡിയോ രംഗത്തെ സാങ്കേതികമായവിപ്ലവം പുതിയ മാറ്റങ്ങൾ ഉയർന്നു വരാൻ സഹായിച്ചുവെന്നും ഇത് പുതിയ സ്രോതാക്കളെ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് അതിർത്തി പ്രദേശത്തെ റേഡിയോ കണക്ടിവിറ്റി വർദ്ധിപ്പിക്കും. കവറേജ് 35,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയായി വർദ്ധിക്കും. മാദ്ധ്യമങ്ങളുടെ പ്രയോജനം ലഭിക്കാത്ത രണ്ട് കോടിയോളം ജനങ്ങൾക്ക് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ എഫ്എം സ്റ്റേഷനുകൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിച്ചത്. 91 എഫ്എം സ്റ്റേഷനുകളാണ് ശനിയാഴ്‌ച്ച മുതൽ പ്രവർത്തനമാരംഭിക്കുന്നത്. 100 വാട്സാണ് ഇവയുടെ പ്രസരണ ശേഷി. കേരളം,ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, നാഗാലാൻഡ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
Comments