ന്യൂഡൽഹി: ഒൻപത് വർഷത്തിനിടെ രാജ്യത്തെ ദേശീയപാത വികസനത്തിൽ ഉണ്ടായത് വൻ കുതിപ്പെന്ന് റിപ്പോർട്ട്. ദേശീയപാതകളുടെ ദൈർഘ്യം 50,000 കിലോമീറ്റർ വർദ്ധിച്ചെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 201415ൽ ഇന്ത്യയിൽ ആകെ 97,830 കിലോമീറ്റർ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. എന്നാൽ 2023 മാർച്ചിൽ ഇവ 145,155 കിലോമീറ്ററായി വികസിച്ചിട്ടുണ്ട്. 2014-15-ൽ പ്രതിദിനം 12.1 കിലോമീറ്റർ റോഡുകൾ നിർമ്മിച്ചതിൽ നിന്ന് 2021-22 ആയപ്പോഴേക്കും പ്രതിദിനം 28.6 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ നിർമ്മിച്ചതായാണ് ഔദ്യോഗിക കണക്കുകളിൽ പറയുന്നത്.
റിപ്പോർട്ട് പ്രകാരം ഏകദേശം 85 ശതമാനം ആളുകളാണ് റോഡ് മാർഗത്തിലൂടെ സഞ്ചരിക്കുന്നത്. ഇതിൽ 70 ശതമാനം പേർ റോഡിനെ ആശ്രയിക്കുന്നത് ചരക്ക് നീക്കത്തിന് വേണ്ടിയാണ്. ഇതെല്ലാം റോഡ് വികസനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് നൽകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്നവയാണ് റോഡുകളും ഹൈവേകളും. ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ് ഇന്ത്യയുടെ റോഡ് ശൃംഖല. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖതയുള്ള രാജ്യമാണ് ഇന്ത്യ.
ചരക്കുകളുടെ സഞ്ചാരം, സാധാരണക്കാരുടെ യാത്ര എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വികസനത്തിൽ വലിയ പങ്കാണ് ദേശീയ പാതകൾ വഹിക്കുന്നത് . കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ ദേശീയ പാത വികസനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ച് വരുന്നത്. 2014-15 മുതൽ 2021-22 കാലഘട്ടത്തിനിടെ ദേശീയ പാത വികസനം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.
Comments